Enter your Email Address to subscribe to our newsletters

Kochi , 08 നവംബര് (H.S.)
എയ്ഡഡ് സ്വാശ്രയ കോളേജുകളിലെ പുതിയ സർക്കുലർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ലക്ഷ്യമിട്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി ഒഴിവാക്കിയ നടപടിയെ ന്യായീകരിക്കുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മറുപടി . ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണ് ഈ പുതിയ സർക്കുലറെന്നും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ മാത്രം നിലനിൽക്കുന്ന എൻ ഒ സി സമ്പ്രദായം മാറ്റുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ നൽകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി റോജി എം ജോൺ പ്രതികരിച്ചു . എല്ലാ കോളേജുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മെറിറ്റോ സംവരണ തത്വങ്ങളോ അട്ടിമറിക്കില്ലെന്നും, സർക്കാരിന്റെ ഈ നീക്കം സർക്കാർ കോളേജുകളുടെ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി .
യു ജി സി റെഗുലേഷൻ പ്രകാരം സ്വയംഭരണ കോളേജുകൾക്ക് കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെയോ സർവ്വകലാശാലയുടെയോ അനുമതി ആവശ്യമില്ലെങ്കിലും, കേരളത്തിൽ സർവ്വകലാശാലയുടെ അനുമതി വേണമെന്ന നിബന്ധന നിലനിർത്തിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
സർവ്വകലാശാലയുടെ കൃത്യമായ പരിശോധനയ്ക്കും അനുമതിക്കും ശേഷം വീണ്ടും സർക്കാരിന്റെ എൻ ഒ സി ആവശ്യമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. 2014 ലും 2021 ലും നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ടുകളിലെ എൻ ഒ സി സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം പഠിക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള എൻ ഒ സി ഒഴിവാക്കിയതും, മുൻപ് വർഷാവർഷം നൽകേണ്ടിയിരുന്ന അനുമതി ഇനി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്ന ഇളവും വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷ വിമർശനം.എന്നാൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ശീലം കൊണ്ടാകാമെന്ന് റോജി എം ജോൺ പരിഹസിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR