Enter your Email Address to subscribe to our newsletters

Kochi, 09 നവംബര് (H.S.)
കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ച സംഭവത്തിൽ നീതിക്കായി നിയമപോരാട്ടം ശക്തമാക്കാൻ കുടുംബം. കേസിലെ പ്രതിയായ പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹർജി നൽകാൻ കുടുംബം തീരുമാനിച്ചു. പ്രോസിക്യൂഷനും കുടുംബവും നൽകിയ അപ്പീൽ തള്ളിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി) ഉത്തരവിനെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
സെഷൻസ് കോടതിയിൽ നിന്നേറ്റ തിരിച്ചടിജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നൽകിയ അപ്പീലുകൾ വിചാരണക്കോടതി പൂർണ്ണമായും തള്ളിയിരുന്നു. കേസിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഭാരതീയ ന്യായ സംഹിതയിലെ (BNS) 105-ാം വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയെ കോടതി അതിരൂക്ഷമായാണ് വിമർശിച്ചത്.
നിയമപ്രകാരം കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ (Child in Conflict with Law) അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ (Heinous Offences) മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നും, ബി.എൻ.എസ് 105 പ്രകാരമുള്ള കുറ്റം ജുവനൈൽ നിയമപ്രകാരം ആ ഗണത്തിൽ പെടുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, അപ്പീൽ സമർപ്പിച്ചതിലെ നടപടിക്രമങ്ങളിലെ പിഴവുകളും എഫ്.ഐ.ആറിലെ തിരുത്തലുകളും ചൂണ്ടിക്കാട്ടി കോടതി പ്രോസിക്യൂഷനെതിരെ അതൃപ്തി രേഖപ്പെടുത്തുകയും ജാമ്യം ശരിവെക്കുകയുമായിരുന്നു.
ദുരൂഹതകളും സ്വജനപക്ഷപാത ആരോപണങ്ങളുംഅപകടം നടന്ന പുലർച്ചെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, നിസ്സാര വകുപ്പുകൾ ചുമത്തി മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നും വാഹനം ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകനാണെന്നും വ്യക്തമായതോടെ വൻ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കും ഇത് വഴിവെച്ചു.
പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വാഹനം നൽകിയതിന് കാറിന്റെ ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. അപകടം നടന്നയുടൻ സംഭവസ്ഥലത്ത് പകർത്തിയ ചിത്രങ്ങൾ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചെന്നും, തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു.
കണ്ണീരോടെ കുടുംബം; പോരാട്ടം ഹൈക്കോടതിയിലേക്ക്കീഴ്ക്കോടതിയിൽ നിന്ന് അപ്പീൽ തള്ളിയതോടെ ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവും മക്കളായ ഭദ്രകീർത്തി ഉൾപ്പെടെയുള്ളവരും കോടതിക്ക് മുന്നിൽ വികാരാധീനരായി രംഗത്തെത്തിയിരുന്നു. കോടതി വിധിയുടെ വിശദമായ പകർപ്പ് പരിശോധിച്ച ശേഷമാണ് മുതിർന്ന അഭിഭാഷകരുമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചത്.
പ്രതിക്ക് ജാമ്യം നൽകിയതിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിലും പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമാണ്. ഭരണസ്വാധീനവും പദവികളും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധുക്കൾ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K