കൊല്ക്കത്തയില് 13 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എന്കൗണ്ടറില് കൊന്ന് പോലീസ്
Kolkkatha, 09 നവംബര്‍ (H.S.) പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിയേറ്റു മരിച്ചു. ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാനത്ത
Deadbody


Kolkkatha, 09 നവംബര്‍ (H.S.)

പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിയേറ്റു മരിച്ചു. ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന നാലാമത്തെ പൊലീസ് എന്‍കൗണ്ടറാണിത്.

നവംബര്‍ അഞ്ചിനാണ് റായ്ഗഞ്ചിലെ അബ്ദുല്‍ഘട്ട മേഖലയിലുള്ള കുലിക് വനത്തില്‍ നിന്ന് 13 വയസ്സുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ ദിലീപ് റോയ് ഒളിവില്‍ പോവുകയായിരുന്നു. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. കാളിപൂജ ആഘോഷങ്ങളുടെ മറവില്‍ അതിര്‍ത്തി കടന്ന് ബിഹാറിലേക്ക് കടക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗൗരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊലീസ് പുലര്‍ച്ചെ പരിശോധന നടത്തി. ഇതിനിടെ ദിലീപിനെ കണ്ടെത്തിയ പൊലീസ് സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയുടെ വെടിയേറ്റ് പൊലീസ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ സ്വയരക്ഷയ്ക്കായി പൊലീസും തിരികെ വെടിയുതിര്‍ത്തു. വെടിയേറ്റ് രക്തം വാര്‍ന്ന് നിലത്തുവീണ ദിലീപിനെ ഉടന്‍ തന്നെ റായ്ഗഞ്ച് മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ ദിലീപിനെതിരെ റായ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എന്‍കൗണ്ടര്‍ വാര്‍ത്തയോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും, ഇത്തരം നടപടികള്‍ കുറ്റവാളികളില്‍ ഭയമുണ്ടാക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം, കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് പ്രതികളെ വെടിവച്ചു കൊല്ലുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും, നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ നടക്കുന്ന നാലാമത്തെ എന്‍കൗണ്ടറാണിത്. ജൂലൈ അഞ്ചിന് സൗത്ത് 24 പര്‍ഗാനാസിലെ ബറൂയിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഭാസ് മണ്ഡല്‍ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഗായ്ഘട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രഹ്ലാദ് ദാസ് എന്ന 23കാരനും പൊലീസ് വെടിയേറ്റു മരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News