48 മണിക്കൂറില് കൂടുതല് ജീവനക്കാര് കസ്റ്റഡിയില് കഴിഞ്ഞാല് 'ഡീംഡ് സസ്പെന്ഷന്'; സുപ്രീം കോടതി
New delhi, 09 നവംബര്‍ (H.S.) പൊതുപ്രവര്‍ത്തകരോ സര്‍ക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരോ ആയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്താല്‍ അവര്‍ക്ക് പ്രത്യേക ഉത്തരവുകളില്ലാതെ തന്നെ സസ്‌പെന്‍ഷന്‍
Supreme Court


New delhi, 09 നവംബര്‍ (H.S.)

പൊതുപ്രവര്‍ത്തകരോ സര്‍ക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരോ ആയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്താല്‍ അവര്‍ക്ക് പ്രത്യേക ഉത്തരവുകളില്ലാതെ തന്നെ സസ്‌പെന്‍ഷന്‍ ബാധകമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അത്തരം സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് പ്രത്യേക ഉത്തരവുകള്‍ ഒന്നും തന്നെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലെ പ്രതിയായ ബിഹാറിലെ സമസ്തിപൂര്‍ സദര്‍ ആശുപത്രി മാനേജരുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.

സമസ്തിപൂര്‍ സദര്‍ ആശുപത്രിയില്‍ മാനേജര്‍/അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവന്നിരുന്ന ആള്‍, പരാതിക്കാരന്റെ 36,421 രൂപയുടെ ശമ്പളം അനുവദിക്കുന്നതിനായി 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7(ബി) പ്രകാരമാണ് അറസ്റ്റിലായത്. തുടര്‍ന്ന് സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിക്കാരന്‍ പട്‌ന ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രതി സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ (SLP) ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഏകദേശം 15 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഏതൊരു പൊതുപ്രവര്‍ത്തകനും നിയമപരമായി ഡീംഡ് സസ്‌പെന്‍ഷന്‍ ബാധകമാകുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിനായി പ്രത്യേകം ഉത്തരവുകള്‍ പാസാക്കേണ്ടതില്ല. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഈ ഉദ്യോഗസ്ഥനെ അതേ ആശുപത്രിയില്‍ തന്നെ അതേ തസ്തികയില്‍ തിരിച്ചെടുത്ത നടപടിയെ കോടതി ശക്തമായി വിമര്‍ശിച്ചു. സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കി പഴയ പദവിയില്‍ തന്നെ നിയമിച്ചത് ഗൗരവകരമായ കാര്യമാണെന്നും, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് വിചാരണ കോടതി ചുമത്താവുന്ന പരമാവധി ശിക്ഷയുടെ ആനുകൂല്യം കണക്കിലെടുത്ത് സാധാരണയായി ജാമ്യം അനുവദിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമോ അതിഭയങ്കരമായ തെളിവുകളോ ഇല്ലാത്ത പക്ഷം ജാമ്യം നിഷേധിക്കുന്നത് ശരിയല്ല. കൈക്കൂലി തുക വളരെ ചെറുതാണെന്ന കാരണത്താല്‍ മാത്രം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ ഹൈക്കോടതി ചോദ്യം ചെയ്‌തെങ്കിലും, പ്രതിയെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുന്നതായിരുന്നു ഉചിതമെന്ന് സുപ്രീം കോടതി വിലയിരുത്തി. ഒടുവില്‍ പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സെഷന്‍സ് കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി പുനസ്ഥാപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News