Enter your Email Address to subscribe to our newsletters

New dellhi, 09 നവംബര്‍ (H.S.)
യെമനിലെ ഹൊദൈദയിലും സനയിലും രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുകയായിരുന്ന 19 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും യെമനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.നാവികരെല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ഇവരുടെ മടക്കയാത്ര ആരംഭിച്ചതായും എംബസി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് വിലപ്പെട്ട സഹകരണവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും എംബസി നന്ദി രേഖപ്പെടുത്തി.
യെമന്‍ തീരത്ത് വച്ച് അപകടത്തില്‍പ്പെട്ട ഒരു യാനത്തിലുണ്ടായിരുന്ന 14 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒഴിപ്പിച്ച 19 പേരില്‍ ഈ 14 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 23നാണ് ഹൊദൈദയ്ക്ക് സമീപം യാനത്തിലുണ്ടായിരുന്ന 14 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചത്.
ചെങ്കടലിലെ യെമന്‍ തീരത്തുള്ള യുഖാര്‍ ദ്വീപിന് സമീപം ഇന്ത്യന്‍ യാനത്തിന് നേരെ സൗദി സേന ആക്രമണം നടത്തിയതായി യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി ഗ്രൂപ്പിന്റെ വക്താവ് യഹ്യ സാരീ അവകാശപ്പെട്ടതായി ചില അറബ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യാനത്തില്‍ 14 ഇന്ത്യന്‍ പൗരന്മാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ ഹൂതി സേനയാണ് രക്ഷപ്പെടുത്തിയതെന്നും സാരീ പറഞ്ഞിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയില്‍ സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗവും തമ്മില്‍ ശക്തമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഹൂതികള്‍ പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളും സൗദി അറേബ്യ തടഞ്ഞപ്പോള്‍, സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ വ്യോമാക്രമണങ്ങള്‍ നടത്തി. 2022ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം മേഖലയില്‍ നിലനിന്നിരുന്ന ആപേക്ഷികമായ സമാധാന അന്തരീക്ഷം തകരുകയും വീണ്ടും വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമോ എന്ന ആശങ്ക ശക്തമാണ്.
ഈ പുതിയ സംഘര്‍ഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെയും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിലെ പ്രധാന പാതയായ ചെങ്കടലിലെയും ബാബ് അല്‍-മന്ദബ് കടലിടുക്കിലെയും സുരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ഇവിടെയുണ്ടാകുന്ന ഏത് ചെറിയ സംഘര്‍ഷവും ആഗോള വ്യാപാരത്തെ വലിയ രീതിയില്‍ ബാധിക്കും. അതിനാല്‍ തന്നെ ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതയോടെയാണ് ഇടപെടലുകള്‍ നടത്തുന്നത്. വരും ദിവസങ്ങളിലും മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.
---------------
Hindusthan Samachar / Sreejith S