Enter your Email Address to subscribe to our newsletters

New delhi, 09 നവംബര്‍ (H.S.)
ന്യൂഡല്‍ഹി: ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് ഒരു 'ഹിന്ദുവിരുദ്ധ, സനാതന വിരുദ്ധ' പാര്‍ട്ടിയാണെന്ന് ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
നവംബര്‍ ഏഴിന് ദീപാവലി ആശംസകള്‍ നേരുന്നതിനിടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ പരാമര്‍ശം നടത്തിയത്. 'എല്ലാവര്‍ക്കും ഞാന്‍ ദീപാവലി ആശംസകള്‍ നേരുന്നു. സന്തോഷത്തിന്റെ ഈദ് എന്ന നിലയിലാണ് പലരും ഇത് ആഘോഷിക്കുന്നത്. ഈ ഉത്സവവേളയില്‍ എന്റെ എല്ലാ ഭാരതീയര്‍ക്കും ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും രാജ്യത്തെ സംരക്ഷിക്കാനും ദേശീയ ഐക്യം വളര്‍ത്താനും നമുക്കെല്ലാവര്‍ക്കും പൂര്‍ണമനസ്സോടെ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സോണിയ ഗാന്ധിയുടെ ബാബ്റി പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയ ഭണ്ഡാരി, കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ചു. 'കോണ്‍ഗ്രസ് സനാതന വിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് വിളിച്ചത്. ഇത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേവല വോട്ട് ബാങ്ക് രാഷ്ട്രീയമാണ്', ഭണ്ഡാരി കുറിച്ചു.
മറ്റൊരു ബി.ജെ.പി വക്താവായ സി.ആര്‍. കേശവനും ഖാര്‍ഗെയുടെ സന്ദേശത്തിനെതിരെ രംഗത്തെത്തി. ഖാര്‍ഗെയുടെ ദീപാവലി സന്ദേശം കോടിക്കണക്കിന് ഹിന്ദുഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിഷലിപ്തമായ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനായി ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കേശവന്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S