മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.
Newdelhi, 01 ഫെബ്രുവരി (H.S.) മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. നിര്‍മ്മലയുടെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റാണെന്ന ചരിത്രവും ഇതിനുണ്ട്. ആഗോള അസ്ഥിരതകള്‍ക്കിടയിലും ആഭ്യന്
Nirmala sitaraman


Newdelhi, 01 ഫെബ്രുവരി (H.S.)

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. നിര്‍മ്മലയുടെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റാണെന്ന ചരിത്രവും ഇതിനുണ്ട്. ആഗോള അസ്ഥിരതകള്‍ക്കിടയിലും ആഭ്യന്തര വളര്‍ച്ചാനിരക്ക് സ്ഥിരതയാര്‍ജിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധന മുന്‍ഗണനാ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടവുമായാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്‍റില്‍ നിന്നിറങ്ങുക. പത്ത് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിനരികിലേക്ക് മെല്ലെ നടന്നടുക്കുകയാണ് നിര്‍മ്മല. 1959ലും 1969ുമായി രണ്ട് ഭരണകാലത്താണ് മൊറാര്‍ജി ദേശായ് പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചെന്ന നേട്ടം മൊറാര്‍ജി സ്വന്തമാക്കുമ്പോഴും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച വ്യക്തിയെന്ന നേട്ടം നിര്‍മ്മലയ്ക്ക് തന്നെയാണ്.

മുന്‍ ധനമന്ത്രിമാരായ പി ചിദംബരവും പ്രണബ് മുഖര്‍ജിയും വിവിധ പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ യഥാക്രമം ഒന്‍പതും എട്ടും ബജറ്റുകള്‍ വീതം അവതരിപ്പിച്ചു. 2019ല്‍ നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയപ്പോഴാണ് നിര്‍മ്മല സീതാരാമനെ ആദ്യ മുഴുവ്‍ സമയ വനിതാ ധനമന്ത്രിയായി അവരോധിച്ചത്. 2024ല്‍ മോദി മൂന്നാ വട്ടവും അധികാരത്തിലെത്തിയതോടെ നിര്‍മ്മലയ്ക്ക് വീണ്ടും ധനമന്ത്രി പദവി കിട്ടി. ഇതുവരെ 2024 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട ഇടക്കാല ബജറ്റ് അടക്ക അവര്‍ എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചു.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് അല്‍പ്പസമയത്തിനകം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ആഗോള ഭൗമ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയും രാജ്യം 7.4ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്.

കസ്റ്റംസ് നികുതി പുനര്‍നിര്‍ണയം, ടിഡിഎസ് , പുത്തന്‍ ആദായനികുതി നിയമത്തില്‍ വ്യക്തത വരുത്തല്‍ മറ്റ് വിവിധ പദ്ധതി പ്രഖ്യാപനങ്ങളിലൂടെ സമ്പദ്ഘടനയ്ക്ക് ധനമന്ത്രി കൂടുതല്‍ കരുത്ത് പകരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പ്രതിരോധ മേഖലയിലെ ഉയര്‍ന്ന ചെലവ്, കുടില്‍, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, അപൂര്‍വ ധാതുക്കള്‍ക്ക് ആനുകൂല്യങ്ങള്‍, സംസ്ഥാനങ്ങള്‍ക്കും നികുതി ശോഷണം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിന്‍റെ 29 ആവശ്യങ്ങളടങ്ങിയ കത്ത്

ബജറ്റില്‍ പരിഗണക്കാനായി സംസ്ഥാന സര്‍ക്കാര്‍ 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്‍കിയിട്ടുണ്ട്. 2100 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, പ്രതിരോധ ഗവേഷണ വികസന ഇടനാഴി, റെയര്‍ എര്‍ത്ത് ഇടനാഴി, മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനും ആയിരം കോടി രൂപയുടെ സഹായം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നല്‍കിയ കത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എയിംസ് എന്ന സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല ആവശ്യമടക്കം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

സുപ്രധാന പ്രതീക്ഷകള്‍ ഇവ

- ഏപ്രില്‍ ഒന്ന് മുതല്‍നിലവില്‍ വരുന്ന 2025ലെ പുതിയതും ലളിതവുമായ ആദായ നികുതി നിയമം മികച്ച രീതിയില്‍ മനസിലാകും വിധമുള്ള നിയമങ്ങളും മറ്റും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

- നികുതിയിളവ് പ്രഖ്യാപനവും പ്രതീക്ഷിക്ഷിക്കുന്നുണ്ട്. പുതിയ നികുതി പദ്ധതിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും വിധമുള്ള പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ സ്‌കീമില്‍ തുടരുന്നവര്‍ക്ക് ഇളവുകള്‍ക്ക് സാധ്യതയില്ല. പുതിയ സ്‌കീമില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്‌ഷന്‍ 75000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്നാമ് പ്രതീക്ഷ.

- തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്ന പതിവ് ആവര്‍ത്തിക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്. കേരളം എയിംസും അതിവേഗ റെയില്‍പ്പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

- എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനവും ഉറ്റുനോക്കുന്നുണ്ട്.

- പതിനാറാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി ഇളവുകളും പ്രതീക്ഷിക്കുന്നു.

- കുടില്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍, നികുതി സെന്‍സിറ്റീവ് മേഖലകളായ രത്നങ്ങള്‍, ആഭരണങ്ങള്‍, റെഡിമെയ്‌ഡ് തുണിത്തരങ്ങള്‍,തുകല്‍ തുടങ്ങിയവയ്ക്ക് ആനുകൂല്യം

- ലിഥിയം, കൊബാള്‍ട്ട്, റെയര്‍ എര്‍ത്ത് തുടങ്ങിയ അപൂര്‍വ ധാതുകളുടെ സംസ്‌കരണത്തിന് കൂടുതല്‍ സഹായം.

- ആഗോള ഭൗമ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍

- കടം-മൊത്ത ആഭ്യന്തര ഉത്പാദന അനുപാത നിരക്ക് കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങള്‍

- വ്യവസായ-നിക്ഷേപ സൗഹൃദ പ്രഖ്യാപനങ്ങള്‍

- വികസിത് ഭാരത് രൂപരേഖ

- തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപനങ്ങള്‍.

കഴിഞ്ഞ കുറച്ച് ബജറ്റുകളിലായി കേന്ദ്ര സര്‍ക്കാര്‍ മൂലധന ചെലവില്‍ ഗണ്യമായ വര്‍ദ്ധന വരുത്തുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഇത് പതിനൊന്ന് ലക്ഷം കോടി കടന്നിരുന്നു. റോഡ്, റെയില്‍, ഭവന നിര്‍മ്മാണം, ചരക്ക് കടത്ത് തുടങ്ങിയ മേഖലകളിലൂന്നിയായിരുന്നു പദ്ധതി വിഹിതങ്ങള്‍. ശമ്പളക്കാരായ നികുതിദായകരും മധ്യവര്‍ഗവും ആദായ നികുതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. അടുത്തിടെ ആറ് ലക്ഷം കോടി കടന്ന പ്രതിരോധമേഖലയിലെ ചെലവും ആളുകള്‍ സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷത്തിനിടെ പല കീഴ്‌വഴക്കങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകിട്ട് അഞ്ചിനായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999ലാണ് ഇത് പകല്‍ പതിനൊന്ന് മണിയിലേക്ക് മാറ്റിയത്. 2017 മുതല്‍ ഫെബ്രുവരിയിലെ ആദ്യ പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. കടലാസ് രഹിത ബജറ്റാകും നിര്‍മ്മല ഇത്തവണയും അവതരിപ്പിക്കുക.

ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ ഠാക്കൂറാണ് ബജറ്റിന്‍റെ മുഖ്യ ശില്‍പ്പി. സാമ്പത്തിക കാര്യ വകുപ്പിനെ നയിക്കുന്ന ആദ്യ വനിതാ ഐഎഎസ് ഉദ്യോസ്ഥയും ഇവര്‍ തന്നെയാണ്. സെക്രട്ടറി എന്ന നിലയില്‍ അവരുടെ ആദ്യ ബജറ്റാണ് ഇതെന്നതും പ്രത്യേകതയാണ്.

പ്രത്യക്ഷ -പരോക്ഷ നികുതി നിര്‍ദ്ദേശങ്ങളുടെ ചുമതല റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്‌തവയ്ക്കാണ്. സര്‍ക്കാര്‍ ചെലവുകളുടെയും സബ്‌സിഡികളുടെയും സാമ്പത്തിക അച്ചടക്കത്തിന്‍റെയും ചുമതല എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി വുമല്‍മാങ് വുയാല്‍നമിനാണ്. സാമ്പത്തിക സേവന സെക്രട്ടറി എം നാഗരാജു, ഡിപാം സെക്രട്ടറി അരുണിഷ് ചവ്‌ല, പബ്ലിക് എന്‍റര്‍പ്രൈസ് സെക്രട്ടറി കെ മോസസ് ചാലെ, മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവ് വി അനന്ത നാഗേശ്വരന്‍ തുടങ്ങിയവരും ബജറ്റ് തയാറാക്കലില്‍ വിവിധ ചുമതലകള്‍ വഹിച്ചു.

ബജറ്റ് അവതരിപ്പിച്ച ശേഷം പാര്‍ലമെന്‍റില്‍ അത് ചര്‍ച്ചയ്ക്ക് വയ്ക്കും. പാര്‍ലമെന്‍റ് ഇത് പാസാക്കുന്നതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക രൂപരേഖയായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News