Enter your Email Address to subscribe to our newsletters

Newdelhi, 01 ഫെബ്രുവരി (H.S.)
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. രാജ്യത്ത് ഏഴ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ അടക്കം പ്രഖ്യാപിച്ചപ്പോൾ കേരളത്തെ പൂർണമായും തഴഞ്ഞതിൽ എംപിമാരായ കെസി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ, ഷാഫി പറമ്പിൽ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും സംസ്ഥാനത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ രാജിവയ്ക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
കടുത്ത അവഗണനയെന്ന് കെസി വേണുഗോപാൽകേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്നും ഇത് തികച്ചും നിരാശാജനകമാണെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. കാർഷിക മേഖലയെയും തൊഴില്ലായ്മ പരിഹരിക്കാനുള്ള നടപടികളെയും ബജറ്റിൽ തഴഞ്ഞു. എയിംസ് എന്ന നീണ്ട കാത്തിരിപ്പ് ഇത്തവണയും വിഫലമായി. 2013-14 കാലഘട്ടത്തിൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് 13 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായിട്ടില്ല.
നിലവിലെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തന്നെ മുൻപ് പാർലമെൻ്റിൽ നൽകിയ ഉറപ്പായിരുന്നു ഇതെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എയിംസ് അനുവദിച്ചിട്ടും കേരളത്തിന് ഇത്തവണയും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം, ആയുർവേദം, ആരോഗ്യ മേഖലകളിൽ വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. ടൂറിസത്തെക്കുറിച്ച് പൊതുവായ പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല. ആയുർവേദത്തിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചെങ്കിലും അത് കേരളത്തിന് ലഭിച്ചില്ല.
കേരളത്തിൻ്റെ പൊട്ടൻഷ്യൽ മേഖലകളെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇ ശ്രീധരൻ മുന്നോട്ടുവച്ച ഹൈസ്പീഡ് കോറിഡോർ പദ്ധതിയെ രാജ്യം ബഹുമാനിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് അഞ്ച് കോറിഡോറുകൾക്ക് അനുമതി നൽകിയപ്പോഴും കേരളത്തെ ഒഴിവാക്കി. കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള ശത്രുതാ മനോഭാവത്തിൻ്റെ തെളിവാണിതെന്നും രാഷ്ട്രീയ നേട്ടങ്ങൾ ഇല്ലാത്തതുകൊണ്ടാണ് കേരളത്തെ ഇത്തരത്തിൽ അവഗണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ധാതുമണൽ മേഖലയിൽ കോർപറേറ്റുകളുടെ ഇടപെടൽ സംബന്ധിച്ച ആശങ്കകളും കെസി വേണുഗോപാൽ പങ്കുവച്ചു. പൊതുമേഖലയ്ക്ക് മാത്രം അവകാശപ്പെട്ട കേരളത്തിൻ്റെ ധാതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളമെന്ന സംസ്ഥാനത്തെ അംഗീകരിക്കാൻ മടി: ഷാഫി പറമ്പിൽ
ഇന്ത്യയുടെ ഭൂപടത്തിൽ കേരളമെന്നൊരു സംസ്ഥാനമുണ്ടെന്ന് അംഗീകരിക്കാൻ ബിജെപി സർക്കാരിന് മടിയാണെന്ന് ഷാഫി പറമ്പിൽ എംപി. കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കേരളം ഈ രാജ്യത്തിൻ്റെ ഭാഗമാണെന്ന് സമ്മതിക്കാൻ കേന്ദ്ര സർക്കാർ മടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ വികസനം ആമയുടെ വേഗത്തിൽ മതിയെന്നാണോ കേന്ദ്രം ഭരിക്കുന്ന സർക്കാർ തീരുമാനിക്കുന്നത് എന്ന് ജനങ്ങൾ സംശയിക്കുന്നു. വികസന കാര്യത്തിൽ സംസ്ഥാനത്തോടുള്ള ഈ മനോഭാവം പ്രതിഷേധാർഹമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ കേരളത്തെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ഗവൺമെൻ്റ് വ്യക്തമാക്കണം. മെട്രോമാൻ ഇ ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുറന്ന് പഠനം നടത്തുന്നു എന്ന് പറയുന്ന പദ്ധതികളെക്കുറിച്ച് ബജറ്റിൽ യാതൊരു സൂചനയുമില്ല. സംസ്ഥാന സർക്കാർ സമാന്തര പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ അതിന് ആവശ്യമായ കേന്ദ്ര അനുമതിയോ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളോ ബജറ്റിൽ കാണുന്നില്ല. കേരളത്തെ രാജ്യത്തിൻ്റെ മാപ്പിൽ കാണാത്ത രീതിയിലുള്ള മനോഭാവമാണ് കേന്ദ്രത്തിന്റേത്.
നാടിൻ്റെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള യാതൊരു ഇടപെടലും ബജറ്റിൽ ഇല്ല. റെയിൽവേ പാതകളുടെ വികസനം ഉൾപ്പെടെ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം പാടെ അവഗണിക്കപ്പെട്ടു. നികുതികളും മറ്റും കൃത്യമായി നൽകുന്ന കേരളത്തിന് തിരികെ ഒന്നും നൽകാത്ത ബജറ്റാണിത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു 'സീറോ ബജറ്റ്' ആണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി.
അതിവേഗ പാതയും രാഷ്ട്രീയ നാടകവുംരാജ്യത്ത് ഏഴ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും ഒഴിവാക്കിയെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ ഏറെ കാലമായി അർധവേഗ കോറിഡോറിനും ഹൈസ്പീഡ് കോറിഡോറിനുമായി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഹൈസ്പീഡ് റെയിൽവേ പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോൾ കേന്ദ്ര സർക്കാർ അതിന് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്തത്. ഹൈസ്പീഡ് കോറിഡോറിന് കേന്ദ്രം അനുമതി നൽകിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇതുസംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.
അതിവേഗ തീവണ്ടിപ്പാതയ്ക്ക് ഏറ്റവും കൂടുതൽ യോഗ്യതയുള്ള സംസ്ഥാനമായിട്ടും പ്രഖ്യാപിക്കപ്പെട്ട ഏഴ് കോറിഡോറുകളിൽ നിന്നും കേരളത്തെ പൂർണമായും ഒഴിവാക്കി. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ചതെന്ന് വ്യക്തമായി. റെയിൽവേ മന്ത്രിയോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി അറിയിക്കേണ്ട കാര്യങ്ങൾ ഒരു സ്വകാര്യ വ്യക്തിയെക്കൊണ്ട് പറയിച്ചത് രാഷ്ട്രീയ നാടകമായിരുന്നുവെന്നും ബ്രിട്ടാസ് വിമർശിച്ചു.
കടലാമ നിരീക്ഷണത്തിന് പോകണംബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും രാജിവച്ച് കടലാമ നിരീക്ഷണത്തിന് പോകണമെന്ന് പി സന്തോഷ് കുമാർ എംപി പരിഹസിച്ചു. ബജറ്റ് നിരാശാജനകമാണ്. കേരളം പ്രതീക്ഷിച്ചത് ഒന്നും പ്രഖ്യാപിച്ചില്ല. അതിവേഗ റെയിൽ പ്രഖ്യാപനം ഒരു സംസ്ഥാനത്തെ മുഴുവൻ നാണംകെടുത്തി. എന്നാൽ കേരളം തളരില്ലെന്നും ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെഗറ്റീവായി കാണേണ്ടതില്ലെന്ന് ഇ ശ്രീധരൻഅതേസമയം, അതിവേഗ പാത ബജറ്റിൽ പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നാണ് മെട്രോമാൻ ഇ ശ്രീധരൻ്റെ പ്രതികരണം. അതിൻ്റെ ഡിപിആർ തയാറാക്കി അതിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും ബജറ്റിൽ പ്രഖ്യാപിക്കാത്തതിനെ നെഗറ്റീവായി കാണേണ്ടതില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR