അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളും സിപിഐ നേതാവും സുപ്രീം കോടതിയെ സമീപിച്ചു.
Assam, 10 ഫെബ്രുവരി (H.S.) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളും സിപിഐ നേതാവും സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് നടപടിയെടുക്കണമെന്
Himanta Biswa Sarma


Assam, 10 ഫെബ്രുവരി (H.S.)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളും സിപിഐ നേതാവും സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് നടപടിയെടുക്കണമെന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നയിക്കുന്ന ബെഞ്ചിന് മുമ്പാകെയാണ് വിഷയം അവതരിപ്പിച്ചത്.

സമൂഹമാധ്യമത്തിൽ ബിജെപി പോസ്റ്റ് ചെയ്‌ത മുസ്‌ലിങ്ങളുടെ ആനിമേറ്റഡ് ചിത്രത്തിലേക്ക് നേരെ വെടിയുതിർക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ഉൾപ്പടെയാണ് ഹർജി നൽകിയത്. സംഭവത്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നടത്തിയ തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങൾ അസമിലെ മുസ്‌ലിം സമുദായത്തിനെതിരെ ശത്രുത ജനിപ്പിക്കുന്നതായും ഹർജിയിൽ പറയുന്നു.

ഹിമന്ത ബിശ്വ ശർമ്മ നിരവധി തവണ സമാനമായ വിദ്വേഷ പ്രസംഗങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. “ഈ പ്രസ്‌താവനകൾ, ഒരു ന്യൂനപക്ഷത്തെ താഴ്ത്തിക്കെട്ടുന്ന വിദ്വേഷ പ്രസംഗങ്ങളാണ്, ഇവ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. പ്രസ്‌തുത സമൂഹത്തിനെതിരായ അക്രമവും പ്രോത്സാഹിപ്പിക്കുന്നു” ഹർജിയിൽ പറയുന്നു.

2026 ഫെബ്രുവരി 7 ന് 'ബിജെപി അസം' (@BJP4Assam) എന്ന എക്‌സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. രണ്ട് മുസ്‌ലിം പുരുഷന്മാരുടെ ആനിമേറ്റഡ് ചിത്രത്തിലേക്ക് അസം മുഖ്യമന്ത്രി വെടിയുതിര്‍ക്കാൻ നില്‍ക്കുന്നതാണ് വീഡിയോ. വീഡിയോയും വീഡിയോയുടെ സ്‌ക്രീൻഷോട്ടുകളും ഉള്‍പ്പെടുത്തിയാണ് ഇടതുപാര്‍ട്ടികള്‍ ഹർജി നൽകിയത്.

വീഡിയോയ്‌ക്ക് എതിരെ കടുത്ത പ്രതിഷേധം വന്നതിനെ തുടർന്ന്, ബിജെപി വീഡിയോ നീക്കം ചെയ്‌തു. എന്നാൽ, മറ്റ് നിരവധി അക്കൗണ്ടുകളിലൂടേയും പ്ലാറ്റ്‌ഫോമുകളിലൂടേയും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് തുടരുന്നു എന്നും ഹർജിയിൽ പറയുന്നു. ഭരണഘടന പ്രകാരം മുഖ്യമന്ത്രി എടുത്ത സത്യപ്രതിജ്ഞയെ നഗ്നമായി അവഹേളിക്കുന്നതാണ് ഈ പരാമർശം എന്ന് ഹർജിയിൽ പറയുന്നുണ്ട്.

2023 ലെ ഭാരതീയ ന്യായ സംഹിതയുടെയും നിയമങ്ങളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം ആരംഭിക്കാനും നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരു പ്രത്യേക അന്വേഷണ സംഘത്തിന് കീഴിലോ അനുയോജ്യവും ഉചിതവുമാണെന്ന തോന്നുന്ന മറ്റ് സ്വതന്ത്ര അതോറിറ്റിയോ സംവിധാനമോ വഴിയോ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഇസ്ലാമിക പുരോഹിതരുടെ സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ അപലപിക്കുകയും, ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ ഭിന്നിപ്പിക്കുന്ന അഭിപ്രായങ്ങൾ പറയുന്നത് തടയുന്നതിനായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News