Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ഫെബ്രുവരി (H.S.)
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കൊടിമരം കേസ് സംസ്ഥാന വിജിലൻസ് അന്വേഷിക്കും. എസ്ഐയു (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്) ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം.
സംസ്ഥാന വിജിലൻസ് കൊടിമരവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വൺ (എസ്ഐയു-1) ഡിവൈഎസ്പി സി എസ് ഹരിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഇദ്ദേഹത്തെ സഹായിക്കാനായി മൂന്ന് ഇൻസ്പെക്ടർമാരെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്ഐയു-1 ഇൻസ്പെക്ടർ സജി ശങ്കർ, പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടർ രാജേഷ് കുമാർ, സൗത്ത് റേഞ്ച് ഇൻസ്പെക്ടർ ആർ അജിജി നാഥ് എന്നിവരാണ് സംഘത്തിലുള്ളത്. വിജിലൻസ് സൗത്ത് റേഞ്ച് എസ്പിക്കാണ് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് ഈ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
2017ൽ ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ആ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ നാലംഗ ഉദ്യോഗസ്ഥരുടെ സംഘത്തെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി സി എസ് ഹരിക്കൊപ്പം മൂന്ന് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം നാളെ മുതൽ അന്വേഷണം ആരംഭിക്കും. ശബരിമല കൊടിമരവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിയമലംഘനങ്ങൾ നടന്നതായും സ്വർണത്തിൻ്റെ കൃത്യമായ കണക്കുകൾ ഇല്ലെന്നും പരാമർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജിലൻസിൻ്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രമക്കേടുകൾ ഇങ്ങനെഅഭിഭാഷക കമ്മിഷണർ ആയിരുന്ന എ എസ് പി കുറുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് ഭക്തർ നൽകിയ സ്വർണം നേരിട്ട് ഏറ്റുവാങ്ങുകയും അത് രേഖപ്പെടുത്താതെ ദേവസ്വം തിരുവാഭരണം കമ്മിഷണർക്ക് കൈമാറി എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സെലിബ്രിറ്റികൾ അടക്കം 27 പേർ നൽകിയ സ്വർണത്തിന് കണക്കില്ല. ആ കണക്കുകൂടി പരിശോധിച്ചാൽ മാത്രമേ കൊടിമരത്തിൻ്റെ കൃത്യമായ വരവ് ചെലവ് കണക്കുകൾ വ്യക്തമാകൂ. അതിൽ എന്തെങ്കിലും ക്രമക്കേടുണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ.
തുടർനടപടികൾസ്വർണം സമർപ്പിച്ച 27 പേരെ നേരിൽ കണ്ട് അവർ എത്ര സ്വർണം സമർപ്പിച്ചു എന്നതടക്കം മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് ക്രമക്കേട് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കണം. കുഴപ്പങ്ങൾ ഉണ്ട് എന്ന് കണ്ടെത്തിയാൽ അഴിമതി നിരോധന നിയമം, മോഷണക്കുറ്റം എന്നിവ ചുമത്തിക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിലേക്ക് പോകാം എന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ക്രമക്കേട് ഉണ്ടോ ഇല്ലയോ എന്നറിയാനും സ്വർണത്തിൽ തിരിമറി നടന്നിട്ടുണ്ടോ എന്നറിയാനുമാണ് ഇപ്പോൾ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR