Enter your Email Address to subscribe to our newsletters

Up, 10 ഫെബ്രുവരി (H.S.)
ലോകാവസാനം വരെ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാരാബങ്കിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവിധി നാളില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവര്‍ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം പരിഹസിച്ചു
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നിലപാട് അദ്ദേഹം പ്രസംഗത്തില്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. 'രാം ലല്ലയ്ക്കായി ഞങ്ങള്‍ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിര്‍മ്മിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു... അതില്‍ ഇനി എന്തെങ്കിലും സംശയമുണ്ടോ? പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഭഗവാന്‍ രാമനെ ഓര്‍ക്കുന്നവര്‍ അവസരവാദികളാണ്. രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്കും രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം നിന്നവര്‍ക്കും ഇനി സ്ഥാനമില്ല.' ആദിത്യനാഥ് വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് സംസാരിക്കവെ, നിയമം അനുസരിച്ച് ജീവിക്കാന്‍ എല്ലാവരും പഠിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമം പാലിക്കുന്നവര്‍ക്ക് അതിന്റെ ഗുണമുണ്ടാകുമെന്നും നിയമം ലംഘിക്കുന്നവര്‍ നരകത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് സ്വര്‍ഗ്ഗത്തില്‍ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ന് മുന്‍പ് ഉത്തര്‍പ്രദേശില്‍ കലാപങ്ങളും കര്‍ഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും ക്രമസമാധാനം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാരതവും സനാതനവും പരസ്പര പൂരകമാണെന്നും അവയെ വേര്‍പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സനാതന ധര്‍മ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തു.
---------------
Hindusthan Samachar / Sreejith S