സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ്; ലോക്‌സഭയില്‍ കടുപ്പിച്ച് പ്രതിപക്ഷം
Newdelhi, 10 ഫെബ്രുവരി (H.S.) ലോക്‌സഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സ്പീക്കറുടെ നടപടികളില്‍ പ
Rahul Gandhi in Parliament


Newdelhi, 10 ഫെബ്രുവരി (H.S.)

ലോക്‌സഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സ്പീക്കറുടെ നടപടികളില്‍ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിനാണ് കൈമാറിയത്.

കോണ്‍ഗ്രസ് നേതാക്കളായ കെ. സി. വേണുഗോപാല്‍, കെ. സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഇത് ജനാധിപത്യപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് നടപടിക്ക് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. സഭയില്‍ ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയായിരുന്നു.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ലോക്സഭയില്‍ സ്തംഭനാവസ്ഥ തുടങ്ങിയത്. ബഹളം കാരണം രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. പ്രശ്‌നപരിഹാരത്തിനായി സ്പീക്കര്‍ രാഹുല്‍ ഗാന്ധി, അഭിഷേക് ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപമെത്തി ചില കോണ്‍ഗ്രസ് വനിതാ എംപിമാര്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി സ്പീക്കര്‍ ഓം ബിര്‍ള ആരോപിച്ചു. എന്നാല്‍, പ്രതിപക്ഷം ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. സഭയിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ച് ആശങ്കയുണ്ടെന്ന് ലോക്സഭാ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News