രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം
Thiruvananthapuram, 13 ഫെബ്രുവരി (H.S.) രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം.ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്
Pinarayi Vijayan


Thiruvananthapuram, 13 ഫെബ്രുവരി (H.S.)

രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം.ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടു വർഷം നീണ്ടു നിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്.

2023 ഡിസംബർ മാസം ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിക്കുകയും 2025 മാർച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷൻ മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടർന്ന് ഈ റിപ്പോര്‍ട്ട് വിപുലമായി ചർച്ച ചെയ്യുന്നതിന് സെപ്റ്റംബർ മാസം കൊച്ചിയിൽ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തർദേശീയ തലത്തിൽ നിന്നും മന്ത്രിമാരും, മേയർമാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നഗരവൽക്കരണം സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തുകയുണ്ടായി. പുതിയതായി ഉയർന്നു വന്ന നിർദേശങ്ങൾ കൂടി ഉൾകൊള്ളിച്ചു കൊണ്ടാണ് സർക്കാർ ഇപ്പോൾ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായി നഗര വികസനം പടർന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സർക്കാർ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവൽക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു.

സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിൻപറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട് ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സൌകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിക്കാൻ ഉദേശിക്കുന്നത്. ഉയർന്ന നിലവാരമുള്ള നഗര സൌകര്യങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിന്റെ നഗരനയം.

നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൌകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News