നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്റ്റാലിന്റെ പ്രത്യേക പദ്ധതി; തമിഴ്‌നാട്ടിലെ സ്ത്രീകളുടെ അക്കൗണ്ടില്‍ എത്തിയത് 5000 രൂപ
Chennai, 13 ഫെബ്രുവരി (H.S.) നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വമ്പന്‍ പദ്ധതിയുമായി തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍. ''കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ'' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കി. സാമൂഹികമാധ
MK Stalin


Chennai, 13 ഫെബ്രുവരി (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വമ്പന്‍ പദ്ധതിയുമായി തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍. 'കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കി. സാമൂഹികമാധ്യമമായ എക്സിലൂടെ സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേര്‍ന്ന മൂവായിരം രൂപയും പ്രത്യേക വേനല്‍ക്കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നപക്ഷം 'കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതി പ്രകാരം നല്‍കുന്ന തുക ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി ഉയര്‍ത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പില്‍ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. 2023 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് വരുന്നത് ചൂണ്ടിക്കാണിച്ച് മൂന്നുമാസത്തെ ധനസഹായവിതരണം തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. എന്നാല്‍, ഈ ദ്രവീഡിയന്‍ മോഡല്‍ സര്‍ക്കാര്‍ അതിനെ അതിജീവിച്ചു. ഈ ധനസഹായം, സ്റ്റാലിന്‍ തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് നല്‍കിയ ഉറപ്പാണ്. ആര് തടസ്സം സൃഷ്ടിച്ചാലും താന്‍ അതില്‍നിന്ന് പിന്നാക്കംപോകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പ്രതിപക്ഷം സ്റ്റാലിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനും പാര്‍ട്ടിയും തോറ്റുതോപ്പിയിടുമെന്ന് ഉറപ്പാണെന്നും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ പയറ്റുന്ന ഈ 'പാച്ച്‌വര്‍ക്ക്' വിദ്യ തിരഞ്ഞെടുപ്പില്‍ ഏശില്ലെന്നും അവര്‍ പ്രതികരിച്ചു.

തോല്‍വി ഭയന്നാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സ്റ്റാലിന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി വിമര്‍ശിച്ചു. ''ഭരണത്തിലെത്തി 28 മാസം കഴിഞ്ഞിട്ടാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. പ്രതിമാസം 1,000 രൂപവീതം കൊടുക്കാന്‍ പോലും നേരത്തേ അവര്‍ക്ക് പറ്റിയില്ല. ഇപ്പോള്‍ തിടുക്കപ്പെട്ട് വേനല്‍ അലവന്‍സ് കൊടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. എന്തേ.. 2024ലും 2025ലും വേനല്‍ ഇല്ലായിരുന്നോ?'' - എടപ്പാടി ചോദിച്ചു.

എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2,000 രൂപവീതം നല്‍കുമെന്നും എടപ്പാടി പറഞ്ഞു. എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ അമ്മ മക്കള്‍ മുന്നേട്ര കഴകവും സ്റ്റാലിനെതിരെ രംഗത്തുവന്നു. 5,000 അല്ല 50,000 വച്ചുകൊടുത്താലും അടുത്ത തിരഞ്ഞെടുപ്പില്‍ സ്റ്റാലിനും പാര്‍ട്ടിയും തോല്‍ക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ പറഞ്ഞു. ഡിഎംകെ വീണ്ടും അധികാരത്തില്‍ വന്നാല്‍ പ്രതിമാസത്തുക 2,000 രൂപയാക്കുമെന്ന് സ്റ്റാലിനും പറഞ്ഞിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News