Enter your Email Address to subscribe to our newsletters

Chenai , 13 ഫെബ്രുവരി (H.S.)
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ കോടിക്കണക്കിന് സ്ത്രീകൾക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ കടുത്ത വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനം സ്ത്രീകൾക്കിടയിൽ വലിയ ചലനമുണ്ടാക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് വോട്ടർമാരെ സ്വാധീനിക്കാൻ സർക്കാർ ഇത്തരം തിരക്കിട്ട പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് ടി.വി.കെ ആരോപിച്ചു.
സ്റ്റാലിന്റെ പ്രഖ്യാപനം: 5,000 രൂപ അക്കൗണ്ടുകളിലേക്ക്
വെള്ളിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ 1.31 കോടി സ്ത്രീകൾക്കായി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്. 'കലൈജ്ഞർ മട്ടുമാതുർ ഉരിമൈ തിട്ടം' പദ്ധതി പ്രകാരം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുകയായ 3,000 രൂപ മുൻകൂറായും, ഒപ്പം 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ചേർത്ത് ആകെ 5,000 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി പണം വോട്ടർമാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
'ഇത് പരിഭ്രാന്തിയുടെ തെളിവ്': വിജയ്
സേലത്ത് നടന്ന ടി.വി.കെ നിർവ്വാഹക സമിതി യോഗത്തിൽ വെച്ചാണ് വിജയ് ഡി.എം.കെയ്‌ക്കെതിരെ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടർമാർക്ക് പണം നൽകി വോട്ടുറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കിടയിൽ ടി.വി.കെയ്ക്ക് ലഭിക്കുന്ന വർദ്ധിച്ച പിന്തുണ ഭരണകക്ഷിയായ ഡി.എം.കെയെ ഭയപ്പെടുത്തുന്നുണ്ടെന്നും, ആ പരിഭ്രാന്തിയാണ് ഇത്തരമൊരു 'പെട്ടെന്നുള്ള' പ്രഖ്യാപനത്തിന് പിന്നിലെന്നും വിജയ് വ്യക്തമാക്കി. മൂന്ന് മാസത്തെ തുക മുൻകൂറായി നൽകുന്നത് വഴി തിരഞ്ഞെടുപ്പ് കാലത്ത് പണം നൽകുന്നതിന് തടസ്സമുണ്ടാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇരട്ട വോട്ടും രാഷ്ട്രീയ വിവാദങ്ങളും
വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് സ്ത്രീകളെയും യുവാക്കളെയും ഒഴിവാക്കാനുള്ള നീക്കങ്ങൾക്കിടയിലാണ് സർക്കാർ പണം നൽകി പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ടി.വി.കെ ആരോപിക്കുന്നു. തമിഴ് രാഷ്ട്രീയത്തിൽ ഡി.എം.കെയും ടി.വി.കെയും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ വിവാദങ്ങൾ നൽകുന്നത്. ഡി.എം.കെ മുന്നോട്ടുവെക്കുന്ന 'ദ്രാവിഡ മോഡൽ 2.0' വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ജനങ്ങൾക്ക് മാറ്റമാണ് വേണ്ടതെന്നും വിജയ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കം
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഈ വർഷം ആദ്യ പകുതിയോടെ നടക്കും. വിജയിന്റെ നേതൃത്വത്തിൽ ടി.വി.കെ ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുന്നത് ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും ഒരുപോലെ വെല്ലുവിളിയുയർത്തുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീ വോട്ടർമാർക്കിടയിൽ വിജയിനുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.
---------------
Hindusthan Samachar / Roshith K