40 ധീര ജവാന്‍മാരെ ഓര്‍ത്ത് രാജ്യം; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് 7 വര്‍ഷം
New delhi, 14 ഫെബ്രുവരി (H.S.) രാജ്യത്തെ തന്നെ നടുക്കുന്നതായിരുന്നു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണം. പ്രണയദിനത്തില്‍ നടന്ന ആ ആക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും മരണമില്ല. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ആക്ര
pulvama


New delhi, 14 ഫെബ്രുവരി (H.S.)

രാജ്യത്തെ തന്നെ നടുക്കുന്നതായിരുന്നു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണം. പ്രണയദിനത്തില്‍ നടന്ന ആ ആക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും മരണമില്ല. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. വീരമൃത്യു വരിച്ചവരില്‍ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.

ഇന്ത്യയുടെ 40 വീര സൈനികരെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായി എന്ന വാര്‍ത്ത രാജ്യം വളരെയധികം ഞെട്ടലോടെയാണ് കേട്ടത്. അവധി കഴിഞ്ഞു മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപം ആക്രമണം ഉണ്ടായത്. ചാവേര്‍ ഈ വാഹനങ്ങള്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി പൊട്ടിത്തെറിക്കുക ആയിരുന്നു.

കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76 -ാം ബറ്റാലിയന്റെ ബസില്‍ 40പേരാണ് ഉണ്ടായിരുന്നത്. മലയാളിയായി വസന്തകുമാര്‍ 82-ാം ബറ്റാലിയനിലെ ജവാനായിരുന്നു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷം കശ്മീര്‍ പൊലീസില്‍ നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു. ലോക്‌സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുന്‍പായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തില്‍ തകര്‍ത്തു. വ്യോമാക്രമണത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News