വാടക ഹെലികോപ്റ്ററിന്റെ വിവരങ്ങള്‍ എല്ലാം രഹസ്യം; വിവരാവകാശ നിയപ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
Thiruvanathapuram, 14 ഫെബ്രുവരി (H.S.) സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ നിയപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി. ഹെലികോപ്റ്റര്‍ പറന്നത് എന്തിനൊക്കെ? എവിടേക്കൊക്കെ? തുടങ്ങിയ വിവരങ്ങള
cm helicopter


Thiruvanathapuram, 14 ഫെബ്രുവരി (H.S.)

സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ നിയപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി. ഹെലികോപ്റ്റര്‍ പറന്നത് എന്തിനൊക്കെ? എവിടേക്കൊക്കെ? തുടങ്ങിയ വിവരങ്ങള്‍ രഹസ്യം ആയതിനാല്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന മറുപടി.

ഹെലികോപ്റ്റര്‍ സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞുകൊണ്ട് ആഭ്യന്തരവകുപ്പിനാണു കത്തുനല്‍കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്നു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന അറിവുമാത്രമാണ് തങ്ങള്‍ക്കുള്ളതെന്നാണു മറുപടി. മറ്റു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങളെല്ലാം സമ്പൂര്‍ണ രഹസ്യമെന്നായിരുന്നു പ്രതികരണം. കരാര്‍ സംബന്ധിച്ചു നേരത്തേ സര്‍ക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പോലും പോലീസ് അധികൃതര്‍ മൗനം പാലിക്കുകയാണ്.

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം കൊണ്ടുപോകാന്‍ എത്ര തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും മറുപടിയില്ല. കരാര്‍ അനുസരിച്ച് ഹെലികോപ്റ്ററിന്റെ വാടക നിര്‍ണയവും സേവനവും എങ്ങനെ? സംസ്ഥാനത്തിനു പുറത്തേക്കു ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചിട്ടുണ്ടോ? മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും എത്ര തവണ യാത്ര ചെയ്തിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.

ഇത്തരം കാര്യങ്ങള്‍ രഹസ്യ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നവയാണെന്നും വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആയിരുന്നു മറുപടി. എന്നാല്‍ അവയവം കൊണ്ടുപോകാന്‍ 5 വര്‍ഷത്തിനിടെ 6 തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അവയവദാനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെ-സോട്ടോയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 ലക്ഷം വാടകയ്ക്കു മാസം 25 മണിക്കൂര്‍ പറക്കാനാണു ചിപ്‌സന്‍ കമ്പനിയുമായുള്ള കരാറെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളിലെയും അതിര്‍ത്തികളിലെയും നിരീക്ഷണത്തിന് 5 മണിക്കൂര്‍, വിഐപി യാത്രകള്‍, എയര്‍ ആംബുലന്‍സ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 15 മണിക്കൂര്‍, ഇടതുപക്ഷ തീവ്രവാദ (എല്‍ഡബ്ല്യുഇ) പ്രവര്‍ത്തനങ്ങളുള്ള 5 ജില്ലകളില്‍ നിരീക്ഷണത്തിനായി 5 മണിക്കൂര്‍ എന്നിങ്ങനെയാണ് ഉപയോഗ ക്രമം. അടിയന്തര സാഹചര്യങ്ങളില്‍ ഈ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News