Enter your Email Address to subscribe to our newsletters

KOCHI, 21 ഫെബ്രുവരി (H.S.)
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറി റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതി തെറ്റായ നടപടിയാണ്. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്നും സതീശന്‍ പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ചികിത്സാ പിഴവില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശത്തോടെ ചെയ്തതാണ് എന്നായിരുന്നു മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രതികരണം. മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാന്‍ പറയലല്ല എന്റെ ജോലിയെന്ന് സതീശന്‍ മറുപടി നല്‍കി.
തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വസതിയിലേക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നുവെന്ന് പറഞ്ഞ സതീശന്‍ ഇത് മന്ത്രിമാരുടെ നിര്‍ദേശത്തോടെയായിരുന്ന എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും പറവൂരിലെ വീട്ടില്‍ തന്നെ കാണാന്‍ വന്നവരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം, വീടിനകത്ത് ഉണ്ടായിരുന്നവര്‍ക്കെതിരെയും നിവേദനം നല്‍കാന്‍ വന്നവര്‍ക്കെതിരെയുമാണ് അന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. റീത്ത് വെക്കുന്നതും കൊലവിളി നടത്തുന്നതുമായ രീതികള്‍ തങ്ങളുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് വണ്ടാനം മെഡിക്കല്‍ കോളജിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
മന്ത്രിയുടെ വസതിക്ക് മുന്നിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങളെയും പൊലീസിനെയും മറികടന്നാണ് പ്രതിഷേധക്കാര്‍ അകത്തേക്ക് കടന്നത്. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ വാതിലിന് മുന്നില്‍ 'ആരോഗ്യവകുപ്പിന് ആദരാഞ്ജലികള്‍' എന്നെഴുതിയ റീത്ത് വെച്ച പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് വെറും 50 മീറ്റര്‍ മാത്രം അകലെയുള്ള മന്ത്രിമന്ദിരത്തിലാണ് ഇത്രയും വലിയ സുരക്ഷാവീഴ്ചയുണ്ടായത് എന്നത് വലിയ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
സംഭവം നടക്കുമ്പോള്‍ വെറും മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ആരംഭിച്ച് ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കൈയാങ്കളിയും ഉണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്തത്.
---------------
Hindusthan Samachar / Sreejith S