Enter your Email Address to subscribe to our newsletters

Dispur, 22 ഫെബ്രുവരി (H.S.)
അസം രാഷ്ട്രീയത്തിൽ നാടകീയ മാറ്റങ്ങള്. അസം മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപേന്ദർകുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന യൂണിറ്റ് അധ്യക്ഷൻ ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് പാർട്ടി വിടുന്നതെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയത്.
അസമിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ഭുപേന്ദർകുമാർ ബോറയുടെ അപ്രതീക്ഷിത കൂറുമാറ്റം. അസമിലെ ബിജെപി ആസ്ഥാനമായ വാജ്പേയി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ ബിജെപി എംപി ബൈജയന്ത് പാണ്ഡയടക്കമുള്ളവരുടെ സമക്ഷമാണ് പ്രഖ്യാപനം നടത്തിയയത്. ഭുപൻകുമാർ ബോറയോടൊപ്പം മുൻ കോൺഗ്രസ് പ്രവർത്തകനായ സഞ്ജു ബോറയും ബിജെപിയിൽ ചേർന്നതായി അറിയിച്ചു.
2026 ഫെബ്രുവരി 16 നാണ് ഭൂപേന്ദർകുമാർ ബോറ കോൺഗ്രസിൽ നിന്നും രാജി വച്ചത്. എന്നാൽ രാജി ഔദ്യോഗികമായി ഹൈക്കമാൻഡ് സ്വീകരിച്ചിരുന്നില്ല. തുടർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ ബോറയുടെ വസതിയിലെത്തി അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നുള്ള തൻ്റെ രാജി തീരുമാനം പുനഃപരിശോധിക്കാനായി ബോറ സമയം ചോദിച്ചിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ബോറയുടെ വസതിയിലെത്തി ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ബിജെപിയുടെ തട്ടകത്തിലേയ്ക്ക് കളം മാറ്റാൻ ബോറ തീരുമാനിച്ചതെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിൽ തനിക്ക് അർഹമായ സ്ഥാനം നൽകുന്നില്ലെന്നുമായിരുന്നു ഭൂപേന്ദർകുമാർ ബോറയുടെ ആരോപണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജി കത്തിലാണ് ബോറയുടെ പരാമർശം. ഭൂപേന്ദർകുമാർ ബോറ ബിജെപിയിൽ ചേരുന്നത് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്നായിരുന്നു കൂറുമാറ്റത്തെ തുടർന്നുള്ള ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം.
2021 മുതൽ 2025 വരെ അസം സംസ്ഥാന കോൺഗ്രസ് യൂണിറ്റിൻ്റെ അധ്യക്ഷനായിരുന്നു ഭൂപേന്ദർകുമാർ ബോറ. അസമിൽ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമായിരുന്നു ഭൂപേന്ദർകുമാർ ബോറ. 32 വർഷമായുള്ള കോൺഗ്രസ് ബന്ധമാണ് ഭൂപേന്ദർകുമാർ ബോറ ബിജെപിയുമായുള്ള കൂറുമാറ്റത്തിലൂടെ അവസാനിപ്പിക്കുന്നത്.
പ്രതികരണവുമായി ഭൂപേന്ദർകുമാർ ബോറ
കോൺഗ്രസ് വിടുന്നതുമായി സംബന്ധിച്ച് പ്രതികരണവുമായി ഭൂപേന്ദർകുമാർ ബോറ. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ 32 വർഷത്തെ നീണ്ട സേവനത്തിനു ശേഷം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നുകൊണ്ട് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് ബോറ പറഞ്ഞു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ, ബോധ്യത്തോടെയും വ്യക്തതയോടെയും ജനങ്ങളെ സേവിക്കാനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയും എടുത്ത തീരുമാനമാണ്, ബോറ എക്സിൽ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR