Enter your Email Address to subscribe to our newsletters

Chennai, 22 ഫെബ്രുവരി (H.S.)
ടിവികെ ചെയര്മാനും നടനുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് പെരമ്പൂര് മണ്ഡലത്തില് മല്സരിച്ചേക്കും.
തമിഴക വെട്രി കഴകം (ടിവികെ) പ്രവര്ത്തകര് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. ടിവികെ നേതാക്കളില് പ്രമുഖനായ ആദവ് അര്ജുനയാണ് പ്രമേയം അവതരിപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സെക്രട്ടറിയാണ് ആദവ് അര്ജുന.
പ്രവര്ത്തകരുടെ ആവശ്യം ടിവികെ ജനറല് സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അര്ജുന കൊണ്ടുവന്ന പ്രമേയം ഞങ്ങള് സ്വീകരിച്ചു. ഇക്കാര്യം ദളപതി വിജയിയോട് അഭ്യര്ഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു. വെല്ലുവിളി നേരിടുന്ന മണ്ഡലത്തില് മല്സരിക്കാനാണ് വിജയ്ക്ക് താല്പ്പര്യമത്രെ. ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുള്ള, പിന്നാക്കം നില്ക്കുന്ന പ്രദേശമുള്ള, അടിസ്ഥാന സൗകര്യം കുറവുള്ള മണ്ഡലത്തില്.
ഇത്തരം മണ്ഡലത്തില് വികസനം എത്തിക്കുന്നതാണ് നേട്ടമെന്ന് വിജയ് കരുതുന്നു എന്നാണ് ടിവികെ നേതാക്കള് പറയുന്നത്. വടക്കന് ചെന്നൈയിലെ മിക്ക മണ്ഡലങ്ങളും ഈ ഗണത്തില് വരുന്നതാണ് എന്നാണ് ആദവ് അര്ജുന പറയുന്നത്. പെരമ്പൂര്, കൊളത്തൂര്, ആര്കെ നഗര് തുടങ്ങി ആറ് മണ്ഡലങ്ങളാണ് വടക്കന് ചെന്നൈയിലുള്ളത്.
വടക്കന് ചെന്നൈയില് പ്രചാരണത്തിനിടെ ടിവികെ പ്രവര്ത്തകര്ക്ക് നേരെ അതിക്രമമുണ്ടായിരുന്നു. ചെന്നൈ തങ്ങളുടെ ശക്തി കേന്ദ്രമാണ് എന്നാണ് ഡിഎംകെ എപ്പോഴും പറയുന്നത്. എന്നാല് ടിവികെ പ്രചാരണം തുടങ്ങിയതോടെ ഇക്കാര്യം മാറിയെന്ന് ആദവ് അര്ജുന പറയുന്നു. നോര്ത്ത് ചെന്നൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡിഎംകെ നേതാവ് ശേഖര് ബാബുവാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന് വിഎസ് ബാബു തങ്ങളോടൊപ്പമാണെന്നും അര്ജുന പറഞ്ഞു.
പെരമ്പൂരില് ജയിക്കുക അത്ര എളുപ്പമല്ല
പെരമ്പൂര് മണ്ഡലം ഡിഎംകെയുടെ ഉരുക്ക് കോട്ടയാണ്. നേരത്തെ ഇടതുപക്ഷവും അണ്ണാഡിഎകെയുമെല്ലാം ജയിച്ച മണ്ഡലം കഴിഞ്ഞ രണ്ടുതവണയായി ഡിഎംകെയുടെ കൈവശമാണ്. മത്രമല്ല, 2021ല് ഡിഎംകെയുടെ ആര്ഡി ശേഖര് ജയിച്ചത് 55000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇത്രയും ഭൂരിപക്ഷമുള്ള മണ്ഡലത്തില് വിജയ് മല്സരിക്കാനെത്തുമോ എന്ന ആശങ്ക ബാക്കിയാണ്.
ടിവികെയുടെ പ്രധാന നേതാക്കള് പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത് എന്നതാണ് എടുത്തു പറയേണ്ടത്. വിജയ് രണ്ട് മണ്ഡലങ്ങളില് മല്സരിക്കുമെന്ന് നേരത്തെ വാര്ത്തകള് വന്നിരുന്നു. ചെന്നൈയിലെ ഏതെങ്കിലും മണ്ഡലത്തില് മല്സരിക്കുന്നത് പാര്ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്. അതൊടൊപ്പം ഗ്രാമീണ പശ്ചാത്തലമുള്ള മണ്ഡലത്തിലും.
ടിവികെ പ്രമേയം വിജയ് അംഗീകരിക്കുമോ എന്നത് നിര്ണമായകമാണ്. അംഗീകരിച്ചാല് പെരമ്പൂര് മണ്ഡലത്തില് രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാകും. ഡിഎംകെയുടെ ശക്തി കേന്ദ്രത്തില് വിജയ് മല്സരിക്കാന് തയ്യാറാകുന്നതും ഒരു തിരഞ്ഞെടുപ്പ് സന്ദേശമായിരിക്കും. അതേസമയം, ഡിഎംഡികെ കൂടി ഡിഎംകെ സഖ്യത്തില് ചേര്ന്നിട്ടുണ്ട്. പനീര്ശെല്വം, പിഎംകെയുടെ രാമദാസ് എന്നിവരുമായും ഡിഎംകെ ചര്ച്ച നടത്തികഴിഞ്ഞു. എന്നാല് വിജയുടെ ടിവികെ ഇത്തവണ തനിച്ചാണ് മല്സരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR