Enter your Email Address to subscribe to our newsletters

New delhi, 23 ഫെബ്രുവരി (H.S.)
യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രതാ നിര്‍ദേശം നല്കി ഇന്ത്യ. ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും വേഗം ഇറാന്‍ വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഇറാന്‍ വിടണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, വ്യവസായികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
ഇന്ത്യന്‍ എംബസിയുടെ പ്രധാന നിര്‍ദേശങ്ങള്‍:
ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ നിന്ന് ഉടന്‍ പുറത്തുകടക്കുക
പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക
പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുക
പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ എപ്പോഴും കൈവശം വയ്ക്കുക
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ പേര് വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം
അടിയന്തര സഹായത്തിനു ബന്ധപ്പെടേണ്ട നമ്പറുകള്‍ - +989128109115; +989128109109; +989128109102; +989932179359
ജനുവരിയിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കി വീണ്ടും ഇറാനില്‍ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നടപടി. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സര്‍വകലാശാലകളില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതേസമയം, ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കെ, ഗള്‍ഫ് മേഖലയിലേക്ക് വന്‍തോതില്‍ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കി. മേഖലയില്‍ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു മുന്‍കരുതല്‍ നടപടിക്ക് പ്രേരിപ്പിച്ചത്.
---------------
Hindusthan Samachar / Sreejith S