കേരളത്തിൽ ചാരായ നിരോധനത്തിന്റെ മുപ്പതാം വാർഷിക ദിനത്തിൽ യൂറോപ്യൻ വിപണിയിൽ തിരിച്ചെത്താൻ ഒരുങ്ങി ചാരായം
Thiruvananthapuram, 24 ഫെബ്രുവരി (H.S.) കേരളത്തിലെ ചാരായ നിരോധനത്തിന്റെ മുപ്പതാം വാർഷിക ദിനത്തിൽ വിപണിയിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ചാരായം. എന്നാൽ തിരിച്ചുവരവ് കേരളത്തിലേക്കല്ല എന്നു മാത്രം. തിരിച്ചുവരവിന്റെ ആവേശവും ഗൃഹാതുരത്വവുമെല്ലാം അനുഭവിക്കാ
CHARAYAM MAKES A COMEBACK


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

കേരളത്തിലെ ചാരായ നിരോധനത്തിന്റെ മുപ്പതാം വാർഷിക ദിനത്തിൽ വിപണിയിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ചാരായം. എന്നാൽ തിരിച്ചുവരവ് കേരളത്തിലേക്കല്ല എന്നു മാത്രം. തിരിച്ചുവരവിന്റെ ആവേശവും ഗൃഹാതുരത്വവുമെല്ലാം അനുഭവിക്കാനുള്ള അവസരം യൂറോപ്യൻ മലയാളികൾക്കാണ് ലഭിക്കുക.

1996 ഏപ്രിൽ 1ന് നിരോധിക്കപ്പെട്ട ചാരായത്തിന്റെ അതേ നിറത്തിലും, മണത്തിലും, രുചിയിലും, പരുഷതയിലും, 33% എന്ന ആൽക്കഹോൾ അളവിലും മാത്രമല്ല, പഴയ ലേബൽ മുതൽ 90 മില്ലിയുടെ 'പൊടിക്കുപ്പി' വരെ പഴയതുപോലെ നിലനിർത്താൻ ശ്രമിച്ചുകൊണ്ടായിരിക്കും 2026 ഏപ്രിൽ 1ന് ചാരായം യൂറോപ്യൻ വിപണിയിൽ ഇറങ്ങുക എന്ന് സ്ഥാപകൻ മിഥുൻ മോഹൻ പറയുന്നു.

മദ്യവ്യവസായരംഗത്ത് പ്രവർത്തിക്കുന്ന സംരംഭകനാണ് കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ മോഹൻ. കഴിഞ്ഞ 12 വർഷങ്ങളിലേറെയായി യൂറോപ്പിലാണ് താമസം. ആയുർവേദത്തിന്റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് ആദ്യം നിർമ്മിച്ച 'ആയുർവോഡ്' എന്ന ഉൽപന്നത്തിന് 2025ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ മിഥുൻ മോഹൻ സ്വർണമെഡൽ നേടിയിരുന്നു. തുടർന്നാണ് ചാരായ നിർമ്മാണത്തിലേക്ക് കടന്നത്.

'ചാരായത്തെക്കുറിച്ച് പറയാൻ തുടങ്ങുമ്പോൾ എപ്പോഴും മനസ്സിൽ വരുന്നത് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 12,500-ലധികം വരുന്ന തൊഴിലാളികളെയാണ്. എന്റെ അമ്മാവൻ ദിലീപ് കുമാർ അതിലൊരാളാണ്. എന്റെ ചുറ്റുപാടുമുള്ള നിരവധി കുടുംബങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ദാരിദ്ര്യത്തിന്റെ പാതയിലേക്ക് തള്ളപ്പെട്ടു,' മിഥുൻ മോഹൻ പറഞ്ഞു.

30 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു ഉൽപ്പന്നം അതുപോലെതന്നെ വീണ്ടും ഉണ്ടാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. പഴയകാലത്തെ ചാരായത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കാൻ താൽപ്പര്യമുള്ള ആളുകളെ കണ്ടും സംസാരിച്ചും കൂടുതൽ അറിവുകൾ നേടി. അതിൽ ചാരായ ഉപഭോക്താക്കൾ മുതൽ ഡിസ്റ്റിലറി നടത്തിയിരുന്നവരും ഷാപ്പ് മാനേജർ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു.

ഇവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് ചാരായം ആദ്യമുണ്ടാക്കിയത്. ഇതിന്റെ സാംപിൾ ആദ്യം രുചിച്ചതും പോളണ്ടിൽ ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളികളായിരുന്നു. അവരുടെ അഭിപ്രായങ്ങൾ അനുസരിച്ച് വീണ്ടും ചാരായത്തെ പരിഷ്ക്കരിച്ചു. അതിനുശേഷം നിയമപരമായി തന്നെ പുതുതായി നിർമ്മിച്ച ചാരായത്തിന്റെ സാംപിൾ നാട്ടിലെത്തിച്ച് പഴയ ആളുകളുടെ അഭിപ്രായം തേടി. അവർ കൂടി നിർദ്ദേശിച്ച തിരുത്തലുകൾ വരുത്തിയാണ് നിലവിൽ തയ്യാറായിട്ടുള്ള ഉൽപ്പന്നം വിപണിയിൽ ഇറക്കുന്നത്.

ഗോവക്കാരുടെ ഫെനി മുതൽ ഫ്രഞ്ചുകാരുടെ ഷാംപെയ്നും, മെക്സിക്കോകാരുടെ ടെക്കിലയും, സ്കോട്ട്ലൻഡുകാരുടെ വിസ്കിയും എല്ലാം അവിടുത്തെ പൈതൃകത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ നാട്ടിലെ ചാരായത്തെ കേരളത്തിൽ നിരോധിക്കുകയാണ് ചെയ്തത്. എന്നിട്ട് വിദേശ മദ്യം എന്ന പേരിൽ നിലവാരം കുറഞ്ഞ മദ്യം നാട്ടിൽ കൂടിയ വിലയിൽ വിൽക്കുന്നത് ശരിയല്ല എന്നാണ് മിഥുൻ മോഹന്റെ അഭിപ്രായം.

ഏപ്രിൽ ഒന്നിന് പോളണ്ടിൽ വെച്ച് ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിലും മറ്റ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഇന്ത്യൻ റസ്റ്റോറന്റുകളിലും ബാറുകളിലും 'ചാരായം' പരിചയപ്പെടുത്തൽ നടത്തുന്നുണ്ട്. മാൾട്ടയിലെ ദ മിന്റ് റസ്റ്റോറന്റ് (THE MINT restaurant), ഇംഗ്ലണ്ടിലെ അനന്തപുരം ഈസ്റ്റ് ഹാം, കേരള ഹട്ട് നോർത്താംപ്ടൺ തുടങ്ങിയവയും തിരിച്ചുവരുന്ന ചാരായത്തെ വരവേൽക്കാൻ ഇതിനോടകംതന്നെ ഒരുങ്ങിക്കഴിഞ്ഞു.

യു.കെ.യിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും മുൻകൂർ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നും വിതരണ ശൃംഖലകളുള്ള സ്ഥാപനങ്ങളുമായി സംസാരിക്കുന്നുണ്ട്. പരമാവധി രാജ്യങ്ങളിൽ ഉൽപന്നം എത്തിക്കാനാണ് ഇപ്പോൾ ശ്രമം. പോളണ്ടിന് പുറമേ അയൽരാജ്യങ്ങളായ ജർമ്മനി, ലാത്വിയ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളിലായിരിക്കും ആദ്യമായി ഇത് ലഭ്യമാകുകയെന്നും മിഥുൻ മോഹൻ പറയുന്നു.

ചാരായം നിർമിക്കുന്നത്

പഞ്ചസാര ഉൽപ്പാദനത്തിന് ശേഷം എത്തുന്ന മൊളാസിസ് എന്ന അസംസ്കൃത വസ്തുവിനെ ഈസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച ശേഷമാണ് അതിൽ നിന്നും ചാരായം ഡിസ്റ്റിൽ ചെയ്തെടുക്കുന്നത്. ഇതിൽ നിന്നെടുക്കുന്ന ചാരായത്തിൽ ആൽക്കഹോളിന്റെ അളവ് 85 ശതമാനമായിരിക്കും. ഇതിനെ 33 ശതമാനത്തിലേക്ക് വെള്ളമുപയോഗിച്ച് നേർപ്പിച്ച ശേഷമാണ് ചാരായം കുപ്പികളിൽ നിറച്ച് വിപണികളിൽ എത്തിക്കുന്നത്.

ഡ്യൂട്ടി ഫ്രീയിൽ ഇപ്പോൾ കിട്ടില്ല

ചാരായം വിപണിയിൽ അവതരിപ്പിച്ച ശേഷം ഒട്ടേറെ കടമ്പകൾ കടന്നാൽ മാത്രമേ ഈ ഉൽപ്പന്നം എയർപോർട്ടുകളിലടക്കം ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ, യു.കെ.യിൽ നിന്നുള്ളവരടക്കം വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് നാട്ടിലേക്ക് ഇവനെ കൂടെക്കൂട്ടാൻ ഇനിയും കാത്തിരിക്കണം. ഒന്നര വർഷത്തിനുള്ളിൽ അതും സാധ്യമാകുമെന്നാണ് മിഥുന്റെ പ്രതീക്ഷ.

ചാരായ നിരോധന തീരുമാനത്തിൽ അപാകത തോന്നുന്നില്ല: പന്തളം സുധാകരൻ

1996ൽ ചാരായം നിരോധിച്ച തീരുമാനത്തിൽ അപാകത തോന്നുന്നില്ലെന്ന് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന പന്തളം സുധാകരൻ പറഞ്ഞു. കേരളത്തിൽ ഘട്ടംഘട്ടമായി മദ്യനിരോധനം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 1980-കളിൽ മുൻ എം.എൽ.എ.യും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ഉദയഭാനു അധ്യക്ഷനായ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി എന്നോട് കൂടെ ആലോചിച്ച് മദ്യനിരോധനം എന്ന ആശയം മുന്നോട്ട് വെച്ചത്.

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ബോധവൽക്കരണം ശക്തമാക്കുക, ബിവറേജ് ഔട്ട്ലെറ്റുകൾ കുറയ്ക്കുക, മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ശുപാർശകൾ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചാരായ നിരോധനം. അതിന് മുമ്പ് ചാരായം നിരോധിച്ച ആന്ധ്ര പ്രദേശ് അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഉദ്യോഗസ്ഥ തലത്തിൽ കൂടിക്കാഴ്ച നടത്തി വിഷയം സമഗ്രമായി പഠിച്ച ശേഷമാണ് കേരളത്തിൽ നിരോധനത്തിന് തീരുമാനമെടുത്തത്.

പഠനത്തിന്റെ അടിസ്ഥാനത്തിൽ ചാരായം നിരോധിച്ച് കള്ളുഷാപ്പ് കൂട്ടാനായിരുന്നു തീരുമാനം. തൊഴിൽ നഷ്ടപ്പെടുന്ന 20,000ത്തോളം തൊഴിലാളികളെ ബിവറേജസ് കോർപ്പറേഷനിൽ നിയമിക്കാൻ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി തീരുമാനമെടുത്തിരുന്നു. ചാരായം നിലവിലുണ്ടായിരുന്നപ്പോൾ പലയിടത്തും വ്യാജ ചാരായം കഴിച്ച് ഉപഭോക്താക്കൾ മരണപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. ഇക്കാരണവും ചാരായ നിരോധനത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News