Enter your Email Address to subscribe to our newsletters

Kottayam, 24 ഫെബ്രുവരി (H.S.)
കോട്ടയം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി. ഇതിന്റെ ഭാഗമായി കരുത്തുറ്റ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്രമന്ത്രി ജോർജ് കുര്യനെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതായാണ് സൂചന. ക്രൈസ്തവ വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയിൽ ഒരു കേന്ദ്രമന്ത്രിയെ തന്നെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി വലിയ ചലനമുണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മോദിയുടെ വരവും പ്രചാരണ തുടക്കവും:
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കേരളത്തിലെത്തും. കൊച്ചിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എൻഡിഎയുടെ പ്രകടന പത്രിക അദ്ദേഹം പുറത്തിറക്കും. സന്ദർശന വേളയിൽ വിവിധ മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജോർജ് കുര്യന്റെ സ്ഥാനാർത്ഥിത്വം വഴി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
ഹെവി വെയ്റ്റ് സ്ഥാനാർത്ഥികൾ:
കാഞ്ഞിരപ്പള്ളിക്ക് പുറമെ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
-
തൃശൂർ: കോൺഗ്രസിൽ നിന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ തൃശൂരിൽ സ്ഥാനാർത്ഥിയാകും. സുരേഷ് ഗോപിയുടെ ലോക്സഭാ വിജയവും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും തനിക്ക് തുണയാകുമെന്ന് പത്മജ വിശ്വസിക്കുന്നു. തൃശൂർ തനിക്ക് 'ഉള്ളംകൈ പോലെ' സുപരിചിതമാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നും പത്മജ വ്യക്തമാക്കി.
-
പാലക്കാട്: തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് സൂചന. 2016-ൽ മണ്ഡലത്തിൽ ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.
-
നേമം: തിരുവനന്തപുരത്തെ ബിജെപിയുടെ ശക്തമായ കോട്ടയായ നേമത്ത് രാജീവ് ചന്ദ്രശേഖർ ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.
ബിജെപിയുടെ കണക്കുകൂട്ടൽ:
കേന്ദ്രമന്ത്രി ജോർജ് കുര്യനോട് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളായി പരിഗണിക്കുന്ന ഇടങ്ങളിൽ ബിഷപ്പുമാരുടെയും സഭാ നേതൃത്വങ്ങളുടെയും പിന്തുണ കൂടി ഉറപ്പാക്കി വോട്ടുവിഹിതം കൂട്ടാനാണ് നീക്കം. സുരേഷ് ഗോപിയുടെ പിന്തുണ പത്മജയ്ക്കും ശോഭയ്ക്കും ഗുണകരമാകുമെന്നും പാർട്ടി വിലയിരുത്തുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കി കേരള നിയമസഭയിൽ സാന്നിധ്യമറിയിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബിജെപി ക്യാമ്പ്.
---------------
Hindusthan Samachar / Roshith K