Enter your Email Address to subscribe to our newsletters

Kochi, 24 ഫെബ്രുവരി (H.S.)
കൊച്ചി : ശമ്പള പരിഷ്‌കരണം, ഡിഎ വര്‍ധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മഉഖ്യമന്ത്രിയുടെ സന്ദേശം അയച്ച നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 'സ്പാര്‍ക്' ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചത് പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും കോടതി ഉത്തരവിട്ടു.
സ്പാര്‍ക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് നിര്‍ദ്ദേശം. കേസില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. ശമ്പള പരിഷ്‌കരണം, ഡിഎ വര്‍ധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സ്പാര്‍ക് സംവിധാനത്തിലെ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും സന്ദേശമയച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചത് ഭരണഘടനയുടെ 21 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഒപ്പം, 2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിന് എവിടെ നിന്നാണ് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള നമ്പരുകളും മറ്റും ലഭിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത്തരം വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് അഡ്വ. ജനറല്‍ മറ്റൊരു കേസിനിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമര്‍ശിച്ചു. അങ്ങനെയല്ലെന്നും സര്‍ക്കാരില്‍ നിന്ന് ഒരു ഗുണഫലവും പറ്റാത്തവര്‍ക്കും സന്ദേശമയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ക്കും ലഭ്യമാകുന്ന വിവരമാണെങ്കില്‍ സ്പാര്‍ക്കിലുള്ള ഡാറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.
'വ്യക്തിഗത വിവരങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്? എന്തു സന്ദേശം അയച്ചു എന്നതിനേക്കാള്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നതാണ് കൂടുതല്‍ ഗൗരവകരം. പ്രഥമദൃഷ്്ട്യാ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എങ്ങനെയാണ് വ്യക്തികളുടെ വിവരങ്ങള്‍ ലഭിച്ചത് ?'' - കോടതി ചോദിച്ചു. ഇനി കേസ് പരിഗണിക്കുന്നതു വരെ സമാന വിധത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കില്ല എന്ന് എഴുതിത്തരാനും കോടതി നിര്‍ദേശിച്ചു. പ്രതിപക്ഷ സംഘടനകള്‍ അടക്കം മഉഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S