Enter your Email Address to subscribe to our newsletters

Kollam, 25 ഫെബ്രുവരി (H.S.)
സിപിഎം വിട്ട് കോണ്ഗ്രസില് എത്തിയ അയിഷ പോറ്റിക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരമായ അഖില് മാരാർ. തന്നെ അറിയില്ലെന്ന അയിഷ പോറ്റിയുടെ വാക്കുകളാണ് അഖില് മാരാരെ ചൊടിപ്പിച്ചത്.
സിപിഎം പാർട്ടി ആക്രമണത്തില് പ്രതിയായ എന്നെ അറിയില്ല എന്ന് അയിഷ പോറ്റി പറഞ്ഞാല് അവർക്ക് എന്തായിരുന്നു അന്ന് പണിയെന്ന് അഖില് മാരാർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അഖില് മാരാരിന്റെ വിമർശനം.
അഖില് മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
സത്യത്തില് ഈ ഒരൊറ്റ വാചകം മതി എംഎല്എ ആയിരുന്ന അയിഷ പോറ്റിയുടെ രാഷ്ട്രീയ ഇടപെടല് മനസിലാക്കാൻ...അയിഷ പോറ്റി എംഎല്എ ആയിരുന്ന നാളില് അന്നത്തെ കഴിവ് കെട്ട എംഎല്എയ്ക്കെതിരെ യൂത്ത് കോണ്ഗ്രസ് നടത്തിയ നിരവധി പരിപാടികളില് മുൻ നിരയില് ഉള്ള ഒരുവൻ ആയിരുന്നു ഞാൻ..
അതിനേക്കാള് ഉപരി എന്റെ നാട്ടില് ഇരുട്ടിന്റെ മറവില് സിപിഎം അക്രമണങ്ങള് കടുത്തപ്പോള് അത് തടയാൻ വെളിച്ചം അനിവാര്യമായത് കൊണ്ട് എംപി ഫണ്ടില് നിന്നും ഒരു ഹൈ മാസ്റ് ലൈറ്റ് അനുവദിച്ചു.. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അത് അനുവദിച്ചില്ല.. ഞാൻ നിരന്തര സമരങ്ങള് നടത്തി.. പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു സിപിഎം ഏരിയ സെക്രട്ടറി ഉള്പ്പെടെ പഞ്ചായത്ത് ഓഫീസില് കയറി എന്നെയും ഒപ്പമുള്ളവരെയും ആക്രമിക്കാൻ ശ്രമിച്ചു..
എനിക്കൊപ്പം ഇന്നത്തെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അജുവും എന്റെ നാട്ടിലെ 2പേരും മാത്രം... സിപിഎം നാവായ ആ സെക്രട്ടറിയെ പരാതി കൊടുത്തു ഞാൻ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.. പാർട്ടിക്ക് നാണക്കേട് ഉണ്ടായത് കൊണ്ട് അയിഷ പോറ്റി ഇടപെട്ടു മന്ത്രി മുനീർ വഴി അയാളെ തിരികെ കൊണ്ട് വന്നു..
ഞാൻ വിട്ടില്ല.. എല്ലാ വീടുകളിലും നോട്ടിസ് അടിച്ചു ഈ കാര്യങ്ങള് അറിയിച്ചു..
അവസാനം നാണം കെട്ട സിപിഎം എംഎല്എ ഫണ്ടില് നിന്നും ഒരു മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു..അടിയുറച്ച ഒരു കമ്മ്യൂണിസ്റ് കോട്ടയില് അയിഷ പോറ്റിയുടെ പേരില് ഉള്ളത്. ഈ മിനി മാസ്റ്റ് ലൈറ്റ് മാത്രം..അല്ലെങ്കില് സിപിഎം പറയട്ടെ അയിഷ പോറ്റി എന്താണ് കോട്ടാത്തലയ്ക്ക് ചെയ്തതെന്ന്..
സിപിഎം പാർട്ടി ആക്രമണത്തില് പ്രതിയായ എന്നെ അറിയില്ല എന്ന് അയിഷ പോറ്റി പറഞ്ഞാല്... 2വർഷം കൊട്ടാരക്കര -പുത്തൂർ രോഡ് തകർന്ന് കിടന്നപ്പോള് MLA യ്ക്കെതിരെ പറഞ്ഞ എന്നെ അറിയില്ല എന്ന് പറഞ്ഞാല്.. സത്യത്തില് എംഎല്എയ്ക്ക് എന്തായിരുന്നു പണി.. 10കോടിയുടെ ഒരു സിവില് സ്റ്റേഷൻ സാധ്യമാകാൻ എടുത്തത് 12വർഷം.. 55000 കോടിയുടെ ദേശീയ പാത ഇക്കണക്കിനു 100 വർഷം കൊണ്ട് തീരുമോ..?
10 വർഷം മുൻപ് അനുവദിച്ച കൊട്ടാരക്കര - ഭരണിക്കാവ് റോഡ് 22കോടി ഏത് രീതിയില് ജനം നരകിച്ചു എന്ന് 2015മുതല് 19വരെ സഞ്ചരിച്ച മനുഷ്യർക്ക് അറിയാം.. ജനത്തെ നോക്കി ചിരിച്ചു കാണിക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.. ഒരു നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള് തിരിച്ചറിഞ്ഞു അവർക്ക് വേണ്ടി ശക്തമായ ഒരു ഇടപെടല് ഒരിക്കല് എങ്കിലും നിയമസഭയില് അയിഷ പോറ്റി ചെയ്തിട്ടുണ്ടോ..?
നല്ലൊരു സ്ത്രീ, നല്ലൊരമ്മ, ആരോടും മോശം പറയാത്ത വ്യക്തിത്വം ഇതൊക്കെയാണ് എംഎല്എയുടെ യോഗ്യത എങ്കില് തീർച്ചയായും അയിഷ പോറ്റിക്ക് ഇനിയും വോട്ട് ചെയ്യണം...അതല്ല ചർച്ചകള്, പോരാട്ടം, നാടിനു വേണ്ടി നിയമ സഭയില് ഇടപെടല്, തെറ്റുകള് ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തല്, പാവപെട്ടന് നീതി നിഷേധിച്ചാല് അവന് വേണ്ടി ഏതറ്റം വരെയും പോകുന്നത്.. ഭാവി തലമുറയ്ക്ക് വേണ്ടി കാര്യങ്ങള് കൊണ്ട് വരുക... ഇതൊക്കെ ആണ് ലക്ഷ്യമെങ്കില് മാറി ചിന്തിക്കണം...
ഇനിയുള്ള അഞ്ച് വർഷം വെറും എംഎല്എ ആയിരിക്കാൻ കോണ്ഗ്രസ്സില് ചേർന്നേന്നാണോ അല്ല മറിച്ചു മന്ത്രിയാകണം എന്ന മോഹമാണ് പോറ്റിയെ കോണ്ഗ്രസ്സില് എത്തിച്ചത്... തനിക് കിട്ടാത്ത മന്ത്രി സ്ഥാനം അയിഷ പോറ്റിയെ വെച്ചു നേടി എടുക്കുക എന്നതാണ് രശ്മിയെ വെട്ടി അയിഷ പോറ്റിയെ കൊണ്ട് വന്ന കോടിക്കുന്നിലും ഉള്ളത്..
ഒന്നിനേയും എതിർക്കാൻ ശേഷി ഇല്ലാത്ത പാവം പോറ്റിയെ മുൻനിർത്തി കൊടിക്കുന്നില് ഭരിക്കും.. എംപി യുടെ ഒറ്റ ഓഫീസ് കൊണ്ട് മാവേലിക്കര ലോക്സസഭയില് കോണ്ഗ്രസ് മുടിഞ്ഞെങ്കില് അടുത്ത മന്ത്രി ഓഫീസ് കൊണ്ട് കേരളം മുടിഞ്ഞോളും... അപ്പോഴേക്കും കോടികള് ഉണ്ടാക്കി എംപിയുടെ ശിങ്കിടികള് ആഘോഷിച്ചിരിക്കും...ഇന്നലെ വരെയുള്ള യാഥാർഥ്യം ഇതാണ്..
മറ്റൊരു കാര്യം മുൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയും ദളിത് വിഭാഗത്തില് നിന്നുള്ള നേതാവും ആയ ഒരാള് എന്നെ കാണുമ്പോള് ഒക്കെ കാശ് ചോദിക്കും..പുള്ളിയെ പാർട്ടിയും എംപി യുടെ ശിങ്കിടിയും ചതിച്ചു.. പുള്ളിയുടെ ഭാര്യയ്ക്ക് കിട്ടേണ്ട ജോലി വേറെ ആർക്കോ പണം വാങ്ങി അയാള് വിറ്റു.. ഒരു കേസില് പോലും ഒരുത്തനും സഹായിക്കുന്നില്ല..
.2000 വീതം മൂന്ന് തവണയും അവസാനം കണ്ടപ്പോള് 3000വും കൊടുത്തു.. കൊടുത്ത കണക്ക് പറഞ്ഞതല്ല പക്ഷെ കഴിഞ്ഞ ദിവസം ഈ കക്ഷിയും എന്നെ പരിഹസിച്ചു ഒരു കമന്റ് ഇട്ടത് എന്റെ ഒരു സുഹൃത്തു അയച്ച് തന്നു.. അപ്പോള് ഇതാണ് രാഷ്ട്രീയം.. എത്രയൊക്കെ ജീവിതം നശിച്ചാലും കഴുതകളെ പോലെ ഇവന്മാരുടെ അടിമകള് ആയി ജീവിതം ഇല്ലാതാക്കും... രാഷ്ട്രീയം നാടിനു വേണ്ടിയാണു.. നിങ്ങള്ക്ക് വേണ്ടിയാണു.. നമ്മള്ക്ക് വേണ്ടിയാണു..
നിങ്ങള് ഇല്ലാതായി മറ്റൊരുവനെ സപ്ര മഞ്ചത്തില് ഇരുത്തുന്നതല്ല.. എംഎല്എ എന്നാല് നീയാണ്... ആ ബോധ്യം എംഎല്എ ആവുന്നവനും.. വോട്ട് ചെയ്യുന്നവനും ഉണ്ടാവണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR