Enter your Email Address to subscribe to our newsletters

Newdelhi, 25 ഫെബ്രുവരി (H.S.)
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് താൽക്കാലിക ആശ്വാസം നല്കി സുപ്രീം കോടതി ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) നൽകിയ സമൻസുകൾ മനഃപൂർവം അവഗണിച്ചു എന്നാരോപിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ സുപ്രീം കോടതി ബുധനാഴ്ച തടഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡി നടപടികള് തടഞ്ഞത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോറൻ നൽകിയ ഹർജിയിൽ ഇ.ഡിക്ക് കോടതി നോട്ടീസ് അയച്ചു. തനിക്ക് ഇ.ഡി ആവർത്തിച്ച് സമൻസുകൾ അയക്കുന്നതിനെയും സോറൻ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. വിചാരണ ഏതാണ്ട് പൂർത്തിയായെന്നും ഏഴ് തവണ സമൻസ് അയച്ചിട്ടും അദ്ദേഹം ഒരിക്കൽ പോലും ഹാജരായില്ലെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
എന്നാൽ സോറൻ മൂന്ന് തവണ ഹാജരായെന്നും പിന്നീട് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നും സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. ഇ.ഡി ആവർത്തിച്ച് സമൻസുകൾ അയച്ച് വേട്ടയാടുകയാണെന്നും, അതിനാൽ ഈ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മജിസ്ട്രേറ്റ് പരാതി ഫയലിൽ സ്വീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് സോറൻ ഹർജി നൽകിയതെന്നും അതിനാൽ ഇത് വൈകിപ്പോയെന്നും ഇ.ഡി വാദിച്ചു. എന്നാല് ഇതിനെ സുപ്രീം കോടതി വിമര്ശിച്ചു.
കൂട്ടത്തോടെ പരാതികൾ ഫയൽ ചെയ്യുന്നതിനേക്കാൾ, ഗൗരവമുള്ള കേസുകളിൽ നിങ്ങളുടെ ഊർജ്ജം ചെലവഴിക്കുക. എങ്കിൽ മാത്രമേ ക്രിയാത്മകമായ ഫലങ്ങൾ ഉണ്ടാകൂ എന്ന് ചീഫ് ജസ്റ്റിസ് ഇ.ഡിയോട് പറഞ്ഞു. സോറനെ നേരത്തെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ, സമൻസ് അവഗണിച്ചു എന്ന പേരിലുള്ള ഇത്തരം നടപടികൾ കൊണ്ട് ഇനി പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും, ഇത് വെറും ഭീതി സൃഷ്ടിക്കാനുള്ള പ്രോസിക്യൂഷൻ ആണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
നേരത്തെ, ഇ.ഡി നൽകിയ പരാതിയിൽ പ്രത്യേക എംപി-എഎൽഎ കോടതി എടുത്ത നടപടികൾ റദ്ദാക്കാൻ ജാർഖണ്ഡ് ഹൈക്കോടതി ജനുവരി 15-ന് വിസമ്മതിച്ചിരുന്നു. ഇത് ജെഎംഎം നേതാവായ സോറന് തിരിച്ചടിയായിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്നാണ് സോറനെതിരെ ഇ.ഡി പരാതി നൽകിയിരുന്നത്. നിലവിൽ സുപ്രീം കോടതി ഇ.ഡിക്ക് നോട്ടീസ് അയക്കുകയും അടുത്ത വിചാരണ വരെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സോറൻ്റെ ഹർജിയിൽ മറുപടി നൽകാൻ ഇ.ഡിക്ക് നാലാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.
എന്താണ് സോറനെതിരെയുള്ള കേസ്?
റാഞ്ചിയിലെ ബരിയാതു റോഡിലുള്ള 8.86 ഏക്കർ ഭൂമി ഹേമന്ത് സോറൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. ഭൂമി രേഖകളിൽ തിരുത്തൽ വരുത്തിയും വ്യാജ രേഖകൾ ചമച്ചും സോറൻ ഈ ഭൂമി സമ്പാദിച്ചുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കുറ്റകരമാണെന്നും ഇ.ഡി വാദിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2024 ജനുവരി 31-ന് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് 2024 ജൂണിൽ ജാർഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR