Enter your Email Address to subscribe to our newsletters

Newdelhi, 25 ഫെബ്രുവരി (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. തൻ്റെ 'പ്രിയ സുഹൃത്തിൻ്റെ' വരവ് അതീവ പ്രാധാന്യമുള്ള ചരിത്ര മുഹൂർത്തമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 2017ലാണ് മോദി ഇതിന് മുമ്പ് ഇസ്രയേൽ സന്ദർശിച്ചത്. ഒമ്പത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്.
പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും. സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്യും.
ഇന്ത്യ-ഇസ്രയേൽ കൂട്ടുകെട്ടിലൂടെ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്വ്യവസ്ഥ, ആഗോള വിഷയങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ വികസിപ്പിച്ചെടുത്ത അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ ആരോ, മധ്യദൂര മിസൈലിനെ പ്രതിരോധിക്കാനുള്ള ഡേവിഡ്സ് സ്ലിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെ ഉറ്റുനോക്കുന്നത്. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടയിൽ ജെറുസലേമിലെ യാദ് വാഷെം സ്മാരകം സന്ദർശിക്കുന്നതടക്കം നിരവധി ഔദ്യോഗിക പരിപാടികളിൽ പ്രധാനമന്ത്രി പങ്കുചേരും.
കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ച നാളെ അവസാനിക്കും. ഇറാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാൻ നിർദേശിച്ച സമയത്താണ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനമെന്നും വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ സിങ് നവംബറിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. നവംബറിൽ പ്രതിരോധം, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയും ഇസ്രയേലും കരാറിൽ ഒപ്പിടുകയും ചെയ്തു.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻ്റെ ഇസ്രയേൽ സന്ദർശന വേളയിൽ പ്രതിരോധം, വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറിലും ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവയ്ക്കുന്നതിനും പ്രതിരോധ ഉത്പന്നങ്ങളുടെ സംയുക്ത വികസനത്തിനും ഉത്പാദനത്തിനും ഈ കരാർ സഹായിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR