Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഫെബ്രുവരി (H.S.)
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന 50 വീടുകളുടെ തറക്കല്ല് ഇടൽ നാളെ (ഫെബ്രുവരി 26). ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിലാസ്ഥാപനം നിർവഹിക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് 2:30 ന് കൽപ്പറ്റയിലാണ് പരിപാടി. രാവിലെ കണ്ണൂർ പേരാവൂരിൽ നടക്കുന്ന കർഷക യോഗത്തിൽ പങ്കെടുത്ത ശേഷമായിരിക്കും രാഹുൽ ഗാന്ധി വയനാടിലേക്ക് വരുന്നതെന്ന് കോൺഗ്രസ് കേരള ഘടകം അറിയിച്ചു. അന്നേദിവസം കലക്ടറേറ്റിൽ നടക്കുന്ന ദിശാ യോഗത്തിൽ പ്രിയങ്കാഗാന്ധി പങ്കെടുക്കും. കൂടാതെ വനംവകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർആർടി) നൂതന ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങും നടക്കുമെന്ന് കോൺഗ്രസിൻ്റെ നേതൃത്വം അറിയിച്ചു.
ജെഎസ്ഡബ്ല്യുവിൻ്റെ സിഎസ്ആർ ഫണ്ട് വഴിയാണ് ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തും. പൊതുരാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന് രാഹുല് ഗാന്ധി കൊല്ലത്തെത്തും. മാര്ച്ച് ആറിന് ശിവഗിരിമഠത്തിൻ്റെ പരിപാടിയിലും പങ്കെടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 27 ന് രാവിലെ പ്രിയങ്ക ഗാന്ധി കാളികാവ് സർവീസ് സഹകരണ ബാങ്കിൻ്റെ ലബോറട്ടറി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ്, തിരുവമ്പാടി കൈതപ്പൊയിലിലുള്ള എംഇഎസ് സ്കൂളിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം നിർവഹിക്കുകയും പുതിയ ബ്ലോക്കിന് തറക്കല്ലിടുകയും ചെയ്യും. ചിപ്പിലിത്തോട് ചുരം ബൈപാസ് റോഡ് സന്ദർശിക്കാൻ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 28 ന് പ്രിയങ്ക ഗാന്ധി ബൈരക്കുപ്പ പാലം പദ്ധതിയുടെ ഭാഗമായി സ്ഥലം സന്ദർശിക്കുകയും ക്നാനായ കത്തോലിക്കാ പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ കഴിഞ്ഞ ദിവസം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ്റെ വീട് സന്ദർശിക്കും. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി ഐയുഎംഎൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിലും പ്രിയങ്ക ഗാന്ധി മുഖ്യ അതിഥിയായിരിക്കും.
ആര്ത്തലച്ചെത്തിയ ദുരന്തം
2024 ജൂലൈ 30നാണ് ആ ദുരന്തം മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലേക്ക് ഒഴുകിയത്തിയത്. ഒരു പകലും രാത്രിയും തോരാതെ പെയ്ത തീവ്ര മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്പൊട്ടലും ഒരു നാടിനെ ദുരന്ത ഭൂമിയാക്കി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്റെ താഴ്വരയായി എന്ന് വേണം പറയാൻ.
ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വച്ച് മനുഷ്യർ രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ രാജ്യത്തെ എല്ലാ സേനകളും വയനാട്ടിലെത്തുകയും ചെയ്തു. ചാലിയാർപ്പുഴ മൃതദേഹ വാഹിനിയായി. കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള് മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ദുരന്തത്തിൽ 298 പേർ മരിച്ചെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ഒരാൾ പോലും അവശേഷിക്കാതെ 59 കുടുംബങ്ങളെയാണ് ദുരന്തം കവർന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR