Enter your Email Address to subscribe to our newsletters

Ernakulam, 25 ഫെബ്രുവരി (H.S.)
സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിലെ അനാസ്ഥയും കൃത്യനിർവഹണത്തിലെ നിരുത്തരവാദപരമായ സമീപനവുമാണ് നടപടിക്ക് കാരണമായതെന്ന് അധികൃതര് അറിയിച്ചു.
പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് സപ്ലൈകോ ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻ്റ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻ്റ് വിഷ്ണു വി ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻ്റ് എ സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായ കൃത്യനിർവഹണത്തിന് സസ്പെൻഡ് ചെയ്തത്. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി ആവശ്യമായ സബ്സിഡി സാധനങ്ങളുടെ കൃത്യമായ വിവരങ്ങൾ ജനുവരി മാസത്തിൽ തന്നെ കേന്ദ്ര കാര്യാലയത്തിൽ അറിയിക്കാൻ എല്ലാ ഡിപ്പോകളോടും സപ്ലൈകോ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ തങ്ങളുടെ ഡിപ്പോകളിൽ വിവിധ സബ്സിഡി സാധനങ്ങൾക്ക് പ്രത്യേക ആവശ്യകത ഇല്ലെന്നാണ് റിപ്പോർട്ട് നൽകിയത്. ഉദ്യോഗസ്ഥരുടെ ഈ തെറ്റായ റിപ്പോർട്ടിനെത്തുടർന്ന് ഫെബ്രുവരിയിൽ ഈ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.
മാവേലിക്കര ഡിപ്പോയിൽ എട്ടോളം പ്രധാന സബ്സിഡി സാധനങ്ങളാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് തുടങ്ങി അഞ്ചോളം നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യാൻ സാധിച്ചില്ല. സ്റ്റോക്ക് ഇല്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് അധികൃതർ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ വീഴ്ച ബോധ്യപ്പെട്ടത്.
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ തുടർന്നും കർശന നടപടിയുണ്ടാകുമെന്ന് സപ്ലൈകോ അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാൻ ഡിപ്പോ തലത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശംശം നൽകിയിട്ടുണ്ട്. സപ്ലെക്കോയിലെ സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ, ഇത്തരം കർശന നടപടികൾ സംവിധാനത്തെ കൂടുതൽ സുതാര്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR