ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് അമേരിക്ക.
Newdelhi, 25 ഫെബ്രുവരി (H.S.) ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് അമേരിക്ക. 125.78 ശതമാനമാക്കിയാണ് തീരുവ വർധിപ്പിച്ചിരിക്കുന്നതെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് സബ്സിഡി അനുവദിച്ചിട്ടുള്ളതിനാൽ അമേരിക
US INDIA SOLAR DUTY


Newdelhi, 25 ഫെബ്രുവരി (H.S.)

ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് അമേരിക്ക. 125.78 ശതമാനമാക്കിയാണ് തീരുവ വർധിപ്പിച്ചിരിക്കുന്നതെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് സബ്സിഡി അനുവദിച്ചിട്ടുള്ളതിനാൽ അമേരിക്കൻ നിർമാതാക്കളേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഉത്പ്പന്നങ്ങൾ വ്യാപാരം ചെയ്യുന്നുbzന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുവ വർധിപ്പിച്ചതെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു.

സബ്സിഡി ഉപയോഗിച്ച് ഇന്ത്യൻ കമ്പനികൾ അമേരിക്കൻ വിപണിയിൽ ആധിപത്യം നേടുമോ എന്ന ഭയവും സമ്മർദ്ദവുമാണ് അമേരിക്കയെ ഇങ്ങനെടൊരു തീരുമാനത്തിലേയ്ക്ക് എത്തിച്ചതെന്ന് സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങൾക്കും അമേരിക്ക സോളാർ ഉത്പ്പന്നങ്ങളിൽ ഇറക്കുമതി തീരുവ ചുമത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ മൊഡ്യൂളുകളിലേക്ക് സിലിക്കൺ ഫോട്ടോവോൾട്ടെയ്ക്ക് സെല്ലുകൾ അസംബിൾ ചെയ്താലും ഇല്ലെങ്കിലും ഇറക്കുമതിക്ക് വ്യത്യസ്ത തീരുവകൾ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചു. 2026 ഫെബ്രുവരി 24 മുതൽ ഇന്ത്യ, ഇന്തോനേഷ്യ, ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് (ലാവോസ്) എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രിസ്റ്റലിൻ സിലിക്കൺ ഫോട്ടോവോൾട്ടെയ്ക്ക് സെല്ലുകൾക്ക് (സോളാർ സെല്ലുകൾ) അധിക ഇറക്കുമതി തീരുവ ചുമത്തുന്നതായിരിക്കും, അമേരിക്ക പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

2022 ലാണ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ സോളാർ ഇറക്കുമതിയ്ക്ക് 83.86 ദശലക്ഷം ഡോളർ എന്ന നിരക്കിലേയ്ക്ക് എത്തിയത്. എന്നാൽ 2024 ൽ 792.6 ദശ ലക്ഷം ഡോളറായി ഇത് വർധിച്ചിരുന്നു. നിലവിൽ ഇന്ത്യോനേഷ്യയ്ക്ക് 86 മുതൽ 143 ശതമാനം വരെയാണ് അമേരിക്ക തീരുവ ചുമത്തിയിരിക്കുന്നത്. എന്നാൽ ലാവോസിന് 81 ശതമാനവുമാണ് തീരുവ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്

ഇന്ത്യയുടെ സോളാർ മൊഡ്യൂൾ കയറ്റുമതിയുടെ ഏകദേശം 97% അമേരിക്കയിലേക്കാണ് പോകുന്നത്. കനത്ത തീരുവ വരുന്നതോടെ ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ വില വർദ്ധിക്കുകയും അവയ്ക്ക് അമേരിക്കൻ വിപണിയിൽ മത്സരിക്കാൻ കഴിയാതെ വരികയും ചെയ്യും. ഇത് ഇന്ത്യൻ കയറ്റുമതിക്കാരെ വിപണിയിൽ നിന്ന് പുറത്താക്കാൻ കാരണമായേക്കാം.വാരീ എനർജീസ്, വിക്രം സോളാർ തുടങ്ങിയ പ്രമുഖ കമ്പനികൾ അവരുടെ ഉത്പാദനത്തിന്റെ 50 ശതമാനത്തിലധികം അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. തീരുവ ഏർപ്പെടുത്തുന്നതോടെ ഈ കമ്പനികളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകും.

തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ സോളാർ കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി. വാരീ എനർജീസ് ഓഹരികൾ ഏകദേശം 14%-വും പ്രീമിയർ എനർജീസ് 12%-വും ഇടിവ് രേഖപ്പെടുത്തി. വ്യാപാര നയങ്ങളിലെ ഇത്തരം മാറ്റങ്ങൾ ഈ മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തെയും (FDI) ആഭ്യന്തര നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഇന്ത്യയിൽ നിർമ്മിക്കുന്ന സോളാർ സെല്ലുകൾ ഉപയോഗിച്ച് പാനലുകൾ നിർമ്മിക്കുന്നവർക്കാണ് ഈ തീരുവ പ്രധാനമായും ബാധകമാകുന്നത്. ഇത് ഇന്ത്യയിലെ സോളാർ സെൽ ഉത്പാദന മേഖലയുടെ വളർച്ചയെ മന്ദഗതിയിലാക്കാം. ഇന്ത്യൻ പാനലുകൾക്ക് വില കൂടുന്നതോടെ വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉത്പ്പന്നങ്ങളോട് മത്സരിക്കുക പ്രയാസകരമാകും. ഇന്ത്യൻ സർക്കാർ നൽകുന്ന സബ്സിഡികൾ അന്യായമാണെന്ന് ആരോപിച്ചാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചത്. ഇത് ഇന്ത്യയുടെ ആഭ്യന്തര നിർമ്മാണ പദ്ധതികളെയും സബ്സിഡി നയങ്ങളെയും പുനർചിന്തനം ചെയ്യാൻ നിർബന്ധിതമാക്കും

ഓഹരി വിപണികൾക്ക് തകർച്ചയെന്ന് റിപ്പോർട്ട്

അമേരിക്കൻ ഭരണകൂടം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്കും സെല്ലുകൾക്കും 126 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണികൾക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

അമേരിക്കൻ വിപണിയിലേയ്ക്ക് സോളാർ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് തിരിച്ചടി നേരിട്ടത്. വാരീ എനർജീസ് 15 ശതമാനം ഇടിഞ്ഞ് 2,570 രൂപ വരെ താഴ്ന്നെന്നും പ്രീമിയർ എനർജീസീസിന് 12 ശതമാനം വരെ തിരിച്ചടി നേരിട്ടെന്നും വിവിധ വൃത്തങ്ങൾ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News