കർഷക വിരുദ്ധനയങ്ങൾക്കെതിരെ മാര്ച്ച് 9ന് ഡല്ഹിയില് തൊഴിലാളി- കർഷക പ്രതിഷേധം
Chandigarh, 25 ഫെബ്രുവരി (H.S.) ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രതിഷേധം അറിയിച്ച് സംയുക്ത കിസാൻ മോർച്ച (എസ്കെഎം). വ്യാപാര കരാറിലെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ മാർച്ച് 9ന് കർഷക സംഘടന ഡൽഹിയിൽ തൊഴിലാളി- കർഷക സമ്മേളനം നടത്തുമെന്ന് എസ്കെഎം അറിയിച്ചു. ഹരിയാ
SAMYUKTA KISAN MORCHA


Chandigarh, 25 ഫെബ്രുവരി (H.S.)

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രതിഷേധം അറിയിച്ച് സംയുക്ത കിസാൻ മോർച്ച (എസ്കെഎം). വ്യാപാര കരാറിലെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ മാർച്ച് 9ന് കർഷക സംഘടന ഡൽഹിയിൽ തൊഴിലാളി- കർഷക സമ്മേളനം നടത്തുമെന്ന് എസ്കെഎം അറിയിച്ചു. ഹരിയാനയിലെ ജാട്ട് ധർമ്മശാലയിൽ ചൊവ്വാഴ്ച (ഫെബ്രുവരി 24) നടന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

'പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നതിനോട് അനുബന്ധിച്ച് മാർച്ച് 9ന് ഡൽഹിയിലെ ജന്തർ മന്തറിൽ തൊഴിലാളി- കർഷക സമ്മേളനം നടത്തും. കർഷക യൂണിയനുകളുടെ സഖ്യത്തിൻ്റേതാണ് തീരുമാനമെന്ന്' എസ്കെഎമ്മിൻ്റെ പ്രസ്താവനയിൽ പറഞ്ഞു. വ്യാപാര കരാർ നിരവധി മേഖലകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് യോഗത്തിൽ പറഞ്ഞു.

'വ്യാപാര കരാർ കർഷകരെ കൂടാതെ തൊഴിലാളികളെയും കടയുടമകളെയും ദോഷകരമായി ബാധിക്കും. ഇന്ത്യ-യുഎസ് വ്യാപാര കരാറിൻ്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും കിസാൻ മഹാപഞ്ചായത്തുകൾ നടക്കും. മാർച്ച് 10ന് പഞ്ചാബിലെ ബർണാലയിൽ ആരംഭിച്ച് ഏപ്രിൽ 13 വരെ രാജ്യമെമ്പാടും തുടരും' രാകേഷ് ടിക്കായത്ത് പറഞ്ഞു.

കർഷക സംഘടനകളുടെ ആവശ്യങ്ങൾ: യുഎസ്-ഇന്ത്യ വ്യാപാര കരാറിനെതിരെ കർഷകർ ഒരു പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കർഷക നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹൻ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്ത് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ പുറത്താക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടും.

വ്യാപാര കരാറിൽ ഒപ്പുവയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഗോതമ്പ്, നെല്ല് കർഷകർക്കുള്ള ബോണസ് നിർത്തലാക്കിയതായി ആരോപിക്കപ്പെടുന്ന ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെടും. ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി കർഷകർ പ്രാദേശിക പോസ്റ്റോഫിസുകളിലേക്ക് മാർച്ച് നടത്തും.

കേന്ദ്ര സർക്കാരിൻ്റെ അധികാര കേന്ദ്രീകരണത്തിനെതിരെ പ്രതിഷേധിക്കാനും പദ്ധതിയുണ്ട്. ജിഎസ്ടി നിയമപ്രകാരം നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടും. നികുതി വിഹിതം 33 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിക്കണം. ഫെബ്രുവരി 27 മുതൽ എസ്കെഎം പ്രതിനിധികൾ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ട് ആവശ്യങ്ങൾ അറിയിക്കും.

നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പഞ്ചാബ്, ഹരിയാന, ജമ്മു കശ്മിർ, ഹിമാചൽ പ്രദേശ്, കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി 150ലധികം പേർ പങ്കെടുത്തു. ജോഗീന്ദർ സിങ് ഉഗ്രഹൻ, രാകേഷ് ടിക്കായത്ത്, അശോക് ധവാലെ, ആശിഷ് മിത്തൽ, ജഗ്മോഹൻ സിങ്, രാജൻ ക്ഷിർസാഗർ, ജോഗീന്ദർ സിങ് നൈൻ എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് യോഗത്തിന് നേതൃത്വം നൽകിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News