Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ഫെബ്രുവരി (H.S.)
തിരുവനന്തപുരം : ബാങ്ക് ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷനും മറ്റും പിടിച്ചുവയ്ക്കുകയോ വകമാറ്റിയെടുക്കുകയോ ചെയ്യരുതെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി ലംഘിച്ച വിതുര സർവീസ് സഹകരണ ബാങ്കിന്റെ നടപടി തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെ.എസ്.ആർ.റ്റി.സി. യിൽ ഡ്രൈവറായി വിരമിച്ചയാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. സർവീസിലിരിക്കെ താൻ ഒരാൾക്ക് ജാമ്യം നിന്നെന്നും അയാൾ തുകയടക്കാത്ത സാഹചര്യത്തിൽ തനിക്ക് പ്രതിമാസം ലഭിക്കുന്ന തുച്ഛമായ പെൻഷൻ സഹകരണ ബാങ്ക് തടഞ്ഞു വച്ചിരിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
പരാതി ശരിയാണെങ്കിൽ തടഞ്ഞുവച്ച തുക തിരികെ കിട്ടണമെന്ന ആവശ്യം ന്യായമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരൻ കമ്മീഷൻ ഉത്തരവിന്റെ പകർപ്പ് സഹിതം സഹകരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കോടതി വിധികൾ പരിശോധിച്ച് സഹകരണ വകുപ്പ് സെക്രട്ടറി ജോയിന്റ് രജിസ്ട്രാറിൽ (ജനറൽ) നിന്നും റിപ്പോർട്ട് വാങ്ങണം. തുടർന്ന് പരാതിക്കാരനെയും വിതുര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെയും കേട്ട് നിയമാനുസരണംതീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. രണ്ടു മാസത്തിനുള്ളിൽ പരാതി പരിഹരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിതുര ചേന്നൻപാറ സ്വദേശി കെ. ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S