Enter your Email Address to subscribe to our newsletters

New delhi, 26 ഫെബ്രുവരി (H.S.)
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് വിജയം സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചറിയുമായി പോരാടിയ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ 97*) ഇന്നിങ്‌സാണ് സിംബാബവെയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 31 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രണ്ടു പോയിന്റായെങ്കിലും ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെയാണ്. ഒരേ പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ മുന്നിലുള്ള വെസ്റ്റിന്‍ഡീസാണ് രണ്ടാമത്. അടുത്ത മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചാലെ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ ഉറപ്പാക്കാനാകൂ. മാര്‍ച്ച് 1നാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം.
300 റണ്‍സ് ടോട്ടല്‍ എന്ന സ്വപ്നവുമായിട്ടാണ് ടീം ഇന്ത്യ വന്നത്. ആദ്യ മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടതോടെ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ ടോട്ടല്‍ 200 പോലും കടന്നത്. നമീബിയയ്‌ക്കെതിരെ 209. ഇന്ന് സൂപ്പര്‍ എട്ടില്‍ മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരായ 300 റണ്‍സെടുത്തില്ലെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ഉയര്‍ത്തിയാണ് ഇന്ത്യ ഇതിനെല്ലാം പകരം വീട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 256 റണ്‍സെടുത്തത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണിത്. 2007 ലോകകപ്പില്‍ കെനിയയ്ക്കെതിരെ ശ്രീലങ്ക നേടിയ 260/6 ആണ് ഏറ്റവും ഉയര്‍ന്നത്.
അര്‍ധസസെഞ്ചറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മ (30 പന്തില്‍ 55), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 50*) ആറാമനായി ഇറങ്ങി തിളങ്ങിയ തിലക് വര്‍മ (16 പന്തില്‍ 44*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും മികച്ച സംഭാവന നല്‍കി. ഓപ്പണര്‍ സഞ്ജു സാംസണ്‍ (15 പന്തില്‍ 24), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 38), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 33) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആരാധകരുടെ മുറവിളികള്‍ക്കും ടീം മാനേജ്‌മെന്റിന്റെ ഏറെ തലപുകച്ചിലിനുമൊടുവിലാണ് സഞ്ജു- അഭിഷേക് സഖ്യം വീണ്ടും ഓപ്പണിങ്ങിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറില്‍ തന്നെ സിക്‌സറടിച്ച് ചെപ്പോക്ക് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് തുടങ്ങിയ സഞ്ജുവിന് പക്ഷേ പതിവ് പോലെ നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ നാലാം ഓവറില്‍ ബ്ലസിങ് മൂസറബനി, റയാല്‍ ബേളിന്റെ കൈകളില്‍ എത്തിച്ച് ഔട്ടാക്കി. ആകെ 2 സിക്‌സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍നിന്നു പിറന്നത്.
പിന്നീടെത്തിയ ഇഷാനെ കൂട്ടുപിടിച്ച് അഭിഷേക്, ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 1ന് 80 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റില്‍ അഭിഷേക്- ഇഷാന്‍ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11-ാം ഓവറില്‍ ഇഷാനെ പുറത്താക്കി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തില്‍ ഒരു സിക്‌സിന്റെയും നാല് ഫോറിന്റെ അകമ്പടിയോടെയാണ് ഇഷാന്‍ 38 റണ്‍സെടുത്തത്. ഇതിനു പിന്നാലെ അഭിഷേക് അര്‍ധസെഞ്ചറി തികച്ചു. 26 പന്തിലാണ് അഭിഷേക്, ട്വന്റി20 കരിയറിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിയടിച്ചത്. 2024ല്‍ സിംബാബ്വെയ്‌ക്കെതിരെ 33 പന്തില്‍ നേടിയ തന്റെ കന്നി അര്‍ധസെഞ്ചറിയാണ് അഭിഷേകിന്റെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി. ഇതിനു ശേഷം അധകം വൈകാതെ അഭിഷേകും പുറത്തായി. നാല് സിക്‌സും നാല് ഫോറുമാണ് അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്- ഹാര്‍ദിക് പാണ്ഡ്യ സഖ്യം റണ്‍റേറ്റ് താഴാതെ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോയി. നാല് സിക്‌സും മൂന്നു ഫോറും സഹിതം വെറും 16 പന്തില്‍ തിലക് 44 റണ്‍സെടുത്തത്. അവസാന ഓവറില്‍ സ്‌ട്രൈക്ക് കിട്ടാതെ പോയതോടെയാണ് തിലകിന് അര്‍ധസെഞ്ചറി തികയ്ക്കാന്‍ സാധിക്കാതിരുന്നത്. അവസാന ഓവറില്‍ രണ്ടു സിക്‌സടിച്ചാണ് ഹാര്‍ദിക്, അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയത്. നാല് സിക്‌സും രണ്ടു ഫോറുമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍നിന്നു പിറന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു പ്ലേയിങ് ഇലവനില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടന്‍ സുന്ദറിനു പകരം അക്ഷര്‍ പട്ടേലും ഇലവനിലെത്തി.
---------------
Hindusthan Samachar / Sreejith S