Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ഫെബ്രുവരി (H.S.)
തിരുവനന്തപുരം :മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്‍റെ അനുമതി തേടി മിൽമ. സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാൽവില ഉയർത്തുന്നത് ജനരോഷത്തിനിടയാക്കും എന്നതാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ചിഞ്ചുറാണിയോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ക്ഷീര കർഷകരെ സഹായിക്കാനെന്ന കാരണവുമായി വില കൂട്ടാനുള്ള മിൽമയുടെ നീക്കം.
മാസങ്ങളായി മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളുണ്ടായിരുന്നു. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്നായിരുന്നു സെപ്റ്റംബറില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സര്‍ക്കാറിന് എതിര്‍പ്പില്ലെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു. നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്.
---------------
Hindusthan Samachar / Sreejith S