പാകിസ്താനില്‍ 'ധുരന്ധര്‍' തരംഗം! നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങില്‍ ഒന്നാമത്
Mumbai, 03 ഫെബ്രുവരി (H.S.) ബോളിവുഡ് താരം രണ്‍വീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ''ധുരന്ധർ'' ആഗോള ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചതിന് പിന്നാലെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വിപ്ലവം സൃഷ്ടിക്കുകയാണ്. പാകിസ്താനില്‍
Durandhar


Mumbai, 03 ഫെബ്രുവരി (H.S.)

ബോളിവുഡ് താരം രണ്‍വീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ 'ധുരന്ധർ' ആഗോള ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചതിന് പിന്നാലെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വിപ്ലവം സൃഷ്ടിക്കുകയാണ്.

പാകിസ്താനില്‍ സിനിമയ്ക്ക് തിയേറ്റർ റിലീസ് നിരോധിച്ചിരുന്നെങ്കിലും, നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതിന് പിന്നാലെ അവിടെ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആയിരിക്കുകയാണ് ഈ ചിത്രം.

പാകിസ്താനിലെ അപ്രതീക്ഷിത വിജയം

ഇന്ത്യൻ ചാരൻ പാകിസ്താനിലെ ലിയാരിയിലെ ഗ്യാങ്ങുകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന കഥ പറയുന്ന ഒരു സ്പൈ ത്രില്ലറാണ് ധുരന്ധർ. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം, സ്വാഭാവികമായും പാകിസ്താനില്‍ തിയേറ്റർ പ്രദർശനത്തിന് അനുമതി നേടിയിരുന്നില്ല. എന്നാല്‍ ജനുവരി 30-ന് നെറ്റ്ഫ്ലിക്സില്‍ ആഗോള റിലീസ് ചെയ്തതോടെ സ്ഥിതി മാറി. നിരോധനം നിലനില്‍ക്കുമ്പോഴും പാകിസ്താനിലെ സിനിമാ പ്രേമികള്‍ ഈ ചിത്രം കാണാൻ തിക്കിത്തിരക്കി. നിലവില്‍ പാകിസ്താൻ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സിനിമയായി ധുരന്ധർ മാറിയിരിക്കുകയാണ്.

'ഏറ്റവും മികച്ച ചിത്രം' എന്ന് പാക് പ്രേക്ഷകർ

സിനിമ കണ്ട പാക് ആരാധകരുടെ പ്രതികരണം അങ്ങേയറ്റം പോസിറ്റീവ് ആണെന്നതാണ് കൗതുകകരമായ വസ്തുത. സാധാരണ ബോളിവുഡ് സിനിമകളില്‍ പാകിസ്താനികളെ ചിത്രീകരിക്കുന്ന രീതിയിലുള്ള 'ആദാബ്', 'ജനാബ്' തുടങ്ങിയ കൃത്രിമ ശൈലികളോ തൊപ്പിയും സുറുമയും ചേർത്തുള്ള സ്റ്റീരിയോടൈപ്പുകളോ ഈ സിനിമയില്‍ ഇല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഗവേഷണം നടത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും രാഷ്ട്രീയവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം കൃത്യമായി തുറന്നുകാണിച്ചുവെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒരു പാകിസ്താനി എന്ന നിലയില്‍ ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ് സിനിമയാണിത് എന്നാണ് പലരും 'എക്സിലും' റെഡ്ഡിറ്റിലും മറ്റും അഭിപ്രായപ്പെട്ടത്.

ബോക്സ് ഓഫീസിലെ വമ്പൻ നേട്ടം

തിയേറ്ററുകളില്‍ നിന്ന് മാത്രം ഏകദേശം 1400 കോടി രൂപയാണ് ധുരന്ധർ ആഗോളതലത്തില്‍ നേടിയത്. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി. പാകിസ്താനിലും മിഡില്‍ ഈസ്റ്റിലും സിനിമ പ്രദർശിപ്പിച്ചിരുന്നെങ്കില്‍ ഏകദേശം 10 മില്യണ്‍ ഡോളറിലധികം (80 കോടിയിലധികം രൂപ) അധികമായി ലഭിക്കുമായിരുന്നു എന്ന് വിതരണക്കാർ അവകാശപ്പെടുന്നു. ആ നഷ്ടം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ നികത്തുകയാണ്.

'ഉറി: ദ സർജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധർ. രണ്‍വീർ സിംഗിന് പുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാല്‍ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ച്‌ 19-ന് റിലീസ് ചെയ്യും.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങള്‍ക്കിടയിലും കലയ്ക്കും സിനിമയ്ക്കും അതിരുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ധുരന്ധറിന്റെ ഈ അപ്രതീക്ഷിത വിജയം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News