Enter your Email Address to subscribe to our newsletters

New delhi, 03 ഫെബ്രുവരി (H.S.)
ഇന്ത്യ-യു.എസ്. വ്യാപാരക്കരാറില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ആരോപണങ്ങള്‍. കരാറിന് കാരണം എപ്സ്റ്റീന്‍ ഫയലുകളാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.. പ്രധാനമന്ത്രി ഒത്തുതീര്‍പ്പിനും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഇന്ത്യ-യു.എസ്. വ്യാപാരക്കരാറില്‍ അദ്ദേഹം ഒപ്പിട്ടതെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി മുടങ്ങിക്കിടന്ന ഇന്ത്യ-യു.എസ്. വ്യാപാരക്കരാറില്‍ പ്രധാനമന്ത്രി ധൃതിപിടിച്ച് ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരോപിച്ച രാഹുല്‍, മോദി തന്റെ പ്രതിച്ഛായ തകരുമെന്ന ഭയത്തിലാണെന്നും പറഞ്ഞു. വിവാദമായ എപ്സ്റ്റീന്‍ ഫയലുകളില്‍ യു.എസ്. ഇതുവരെ പുറത്തുവിട്ടതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളുണ്ട്. ഇത് മോദിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. യു.എസില്‍ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തില്‍ മോദിക്കെതിരേ തന്നെയുള്ള കേസാണ്. പ്രധാനമന്ത്രിക്കെതിരേ യു.എസിന്റെ പക്കലുള്ള സമ്മര്‍ദ തന്ത്രമാണിതെന്നും രാഹുല്‍ അവകാശപ്പെടുന്നു.
ചൈനീസ് അതിര്‍ത്തി പ്രശ്നവും മുന്‍ സൈനിക മേധാവി നരവാനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളും ഉന്നയിക്കാന്‍ ശ്രമിച്ച തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം, എപ്സ്റ്റീന്‍ ഫയലുകളുമായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017-ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റു പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S