Enter your Email Address to subscribe to our newsletters

Kazargod, 03 ഫെബ്രുവരി (H.S.)
കാസർഗോഡ്: വലിയ ജനകീയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കാസർഗോഡ് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ടോൾ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചുപൂട്ടുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവച്ചതായും ബുധനാഴ്ച ഔദ്യോഗിക സർക്കാർ ഉത്തരവ് ഇറങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം.
സമരവിജയമെന്ന് ആക്ഷൻ കമ്മിറ്റി; മോദിക്ക് നന്ദിയെന്ന് ബിജെപി
ടോൾ പ്ലാസ പൂട്ടാനുള്ള തീരുമാനം പുറത്തുവന്നതോടെ ഇതിന്റെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന്റെയും ആക്ഷൻ കമ്മിറ്റിയുടെ നിയമപോരാട്ടത്തിന്റെയും വിജയമാണിതെന്ന് പ്രതിഷേധക്കാർ അവകാശപ്പെടുന്നു. ജനകീയ സമരത്തിന് മുന്നിൽ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പ്രതികരിച്ചു. ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല. കോടതിയിൽ തോറ്റ് തുന്നം പാടുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് നടപടിയെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിതിൻ ഗഡ്കരിക്കും കെ. സുരേന്ദ്രൻ നന്ദി അറിയിച്ചു.
നിയമലംഘനവും പ്രതിഷേധവും
60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ചത്. തലപ്പാടി ടോൾ പ്ലാസയിൽ നിന്നും കേവലം 22 കിലോമീറ്റർ മാത്രം അകലെയാണ് ആരിക്കാടിയിൽ പുതിയ പ്ലാസ സ്ഥാപിച്ചത്. ഇതേച്ചൊല്ലി ജനുവരി ആദ്യവാരം മുതൽ വലിയ പ്രതിഷേധങ്ങളാണ് ജില്ലയിൽ അരങ്ങേറിയത്. എ.കെ.എം അഷ്റഫ് എംഎൽഎ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെയുണ്ടായി.
ദേശീയപാത അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ടോൾ പിരിക്കുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന പരാതി. ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ കാസർഗോഡ് മംഗളൂരു റൂട്ടിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
---------------
Hindusthan Samachar / Roshith K