Enter your Email Address to subscribe to our newsletters

Newdelhi, 04 ഫെബ്രുവരി (H.S.)
എസ്‌ഐആര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അഭിഭാഷകയായി സ്വന്തം വാദങ്ങള്‍ നിരത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഇതാദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി സ്വന്തം ഹര്‍ജി വാദിക്കുന്നത്. ജനുവരി 28 നാണ് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അതാര്യവും, തിടുക്കവും, ഭരണഘടനാവിരുദ്ധവും, നിയമവിരുദ്ധവുമായ നടപടികള്‍ മൂലമുണ്ടാകുന്ന വോട്ടവകാശ നിഷേധത്തിന് ഈ പ്രക്രിയ കാരണമാകുമെന്ന് മമത ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് മമത നേരിട്ട് ഹാജരാകണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഭാഷകയുടെ വേഷമണിഞ്ഞ് മമത കോടതിയിലെത്തിയത്.
കൊല്‍ക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളേജ് ഓഫ് ലോയില്‍ നിന്നാണ് മമത നിയമ പഠനം പൂര്‍ത്തിയാക്കിയത്. 2003 വരെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഇന്ന് കോടതിക്കുള്ളില്‍ മമതയ്ക്കൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഭിഭാഷകര്‍ക്കുള്ള പ്രത്യേക വസ്ത്രമായ കറുത്ത ഗൗണ്‍ അവര്‍ ധരിച്ചിരുന്നില്ല. എന്നിരുന്നാലും, അവര്‍ കഴുത്തില്‍ ഒരു കറുത്ത ഷാള്‍ ധരിച്ചിരുന്നു.
എസ്‌ഐആറിനെ ചോദ്യം ചെയ്തുള്ള നിരവധി വാദങ്ങളാണ് മമത ഇന്ന് കോടതിയില്‍ ഉന്നയിച്ചത്. 'ലോജിക്കല്‍ ഡിസ്പ്രെന്‍സി' (എല്‍ഡി) വിഭാഗത്തില്‍ വ്യക്തികളെ തരംതിരിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്നും കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും അത്തരം വ്യക്തികളുടെ പട്ടിക ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നും മമത ആരോപിച്ചു.
ഔദ്യോഗിക പോര്‍ട്ടലില്‍ എല്‍ഡി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ബാധിതര്‍ക്ക് സുതാര്യതയും പ്രതികരിക്കാനുള്ള ഫലപ്രദമായ അവസരവും നഷ്ടപ്പെടുത്തിയെന്ന് മമത ബാനര്‍ജി വാദിച്ചു. എസ്‌ഐആര്‍ പ്രക്രിയയില്‍ വിശ്വാസമില്ലെന്ന് പ്രകടിപ്പിച്ച മമത ബാനര്‍ജി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ നിലവിലുള്ള പട്ടികകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശം തേടിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിനു മുന്നില്‍ തന്റെ കേസ് അവതരിപ്പിക്കാന്‍ മമത അഞ്ച് മിനിറ്റ് സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് മമതയോട് യോജിക്കുകയും ബെഞ്ചിന് മുന്നില്‍ സംസാരിക്കാന്‍ 15 മിനിറ്റ് അനുവദിക്കുകയും ചെയ്തു. '58 ലക്ഷം പേരെ ഇല്ലാതാക്കി. അവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ബംഗാളിനെ മാത്രമാണ് ലക്ഷ്യമിടുന്നത്. അസമില്‍ എന്താണ് ഇത് നടപ്പിലാക്കാത്തത്?,'മമത ചോദിച്ചു.
അടച്ചിട്ട വാതിലിന് പിന്നില്‍ നീതി കരയുകയാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ചു എന്നും അവര്‍ പറഞ്ഞു. 'ഒടുവില്‍, ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഞാന്‍ ആറ് തവണ ഇസിഐക്ക് കത്തെഴുതിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ല,' മുഖ്യമന്ത്രി വാദിച്ചു. അതേസമയം മമത ബാനര്‍ജിയുടെ ഹര്‍ജിയിലെ ചില കാര്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിഎം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു.
എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടെന്നും കോടതി ഉറപ്പുനല്‍കി. എസ്‌ഐആര്‍ നോട്ടീസുകള്‍ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് കൊണ്ട്് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഭാഷാ പ്രശ്നങ്ങളുടെയും അക്ഷരത്തെറ്റുകളുടെയും പേരില്‍ മാത്രം വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ മമത ബാനര്‍ജി വാദിച്ചു.
ഒരു സ്ത്രീ തന്റെ ഭര്‍തൃവീട്ടുകാരുടെ കുടുംബപ്പേര് ഉപയോഗിച്ചതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അവരുടെ പേര് ഇല്ലാതാക്കിയതെന്ന് അവര്‍ അവകാശപ്പെട്ടു. വിവാഹശേഷം ഒരു സ്ത്രീ താമസസ്ഥലം മാറ്റുമ്പോള്‍, ഇസി അവരെ ലോജിക്കല്‍ ഡിഫ്രമിഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് മമത അവകാശപ്പെട്ടു. ആധാര്‍ സ്വീകരിക്കാത്തതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയുടെ ഉത്തരവ് ലംഘിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
'മറ്റ് സംസ്ഥാനങ്ങളില്‍, താമസ സര്‍ട്ടിഫിക്കറ്റ് അനുവദനീയമാണ്, ജാതി സര്‍ട്ടിഫിക്കറ്റ് അനുവദനീയമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് അവര്‍ ബംഗാളിനെ ലക്ഷ്യം വച്ചത്. നാല് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്നു. പിന്നെ, 24 വര്‍ഷത്തിനുശേഷം, മൂന്ന് മാസത്തിനുള്ളില്‍ ഇത് ചെയ്യാന്‍ എന്തിനാണ് തിടുക്കം?' അവര്‍ ചോദിച്ചു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധിപ്പിച്ചുകൊണ്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) മരണങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR