വക്കീല്‍ കോട്ടണിയാന്‍ ബംഗാള്‍ മുഖ്യമന്ത്രി; എസ്‌ഐആറില്‍ സുപ്രീം കോടതിയില്‍ ശക്തമായ വാദം ഉന്നയിക്കാന്‍ നീക്കം
New delhi, 04 ഫെബ്രുവരി (H.S.) സമഗ്ര വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് എതിരായ നീക്കങ്ങള്‍ക്കായി വീണ്ടും വക്കീല്‍ കുപ്പായം അണിയാന്‍ മമത. എസ്‌ഐആര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യ
mmamatha


New delhi, 04 ഫെബ്രുവരി (H.S.)

സമഗ്ര വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് എതിരായ നീക്കങ്ങള്‍ക്കായി വീണ്ടും വക്കീല്‍ കുപ്പായം അണിയാന്‍ മമത. എസ്‌ഐആര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി തേടി. ംഗാളിലെ എസ്ഐആറില്‍ വലിയ ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച പെറ്റീഷന്‍ ഇന്‍ പേഴ്സണ്‍ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു എസ്‌ഐആറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മമത ബാനര്‍ജി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് മമത അനുമതി തേടിയിരുന്നു. കോടതി അനുമതി ലഭിച്ചാല്‍ സുപ്രീം കോടതിയില്‍ സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയാകും മമത.

പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുനരവലോകന പ്രക്രിയ പൂര്‍ണമായും ഒഴിവാക്കണമെന്നും നിലവിലുള്ള 2025-ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നതാണ് മമതയുടെ ഹര്‍ജി. എസ്‌ഐആര്‍ പ്രക്രിയയ്‌ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനകം സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ക്കിടയിലാണ് മമതയുടെ ഹര്‍ജിയും പരിഗണിക്കുന്നത്.

2025 ജൂണ്‍ 24-നും 2025 ഒക്ടോബര്‍ 27-നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നാണ് മമത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2025-ലെ ഇലക്ടറല്‍ റോള്‍ മാറ്റമില്ലാതെ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന ആവശ്യവും മമത ഉന്നയിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മമത നിയമബിരുദധാരിയാണ്. 1970-ല്‍ സ്ഥാപിതമായ കൊല്‍ക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയില്‍ നിന്നാണ് മമത നിയമ പഠനം പൂര്‍ത്തിയാക്കിയത്. 2003-വരെ അവര്‍ കോടതിയില്‍ പ്രാക്ടീസും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News