Enter your Email Address to subscribe to our newsletters

New delhi, 04 ഫെബ്രുവരി (H.S.)
2003ല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ മോചിപ്പിക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹര്‍പ്രീത് സിങ്ങിനെ അടിയന്തരമായി മോചിപ്പിക്കാനാണ് ഉത്തരവ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ 17 വയസ്സുള്ള വിദ്യാര്‍ഥിനിയെ ബുദ്ധ ജയന്തി പാര്‍ക്കില്‍വച്ച് പീഡിപ്പിച്ച കേസിലാണ് ഹര്‍പ്രീത് സിങ് ശിക്ഷിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തില്‍ കുറ്റവാളി മാനസാന്തരപ്പെട്ടു എന്നാണ് മോചനത്തിനുള്ള പ്രധാന കാരണമായി വിധിയിലുള്ളത്.
2003 ഒക്ടോബറില്‍ ദലൈലാമയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ഭവന് പിന്നിലുള്ള ബുദ്ധ ജയന്തി പാര്‍ക്കിലെത്തിയപ്പോഴാണ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ ഹര്‍പ്രീത് സിങ്, സതേന്ദര്‍ സിങ്, കുല്‍ദീപ് സിങ്, മുനേഷ് കുമാര്‍ എന്നിവരെ 2009ല്‍ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചു. 2012ല്‍ ഡല്‍ഹി ഹൈക്കോടതി ഹര്‍പ്രീത് സിങ്ങിന്റെ ജീവപര്യന്തം ശരിവച്ചു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇയാള്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 12 തവണ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഹര്‍പ്രീത് സിങ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഇന്ന് പോക്‌സോ കേസിലെ പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച പ്രതിയുടെ കേസ് നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പത്തനംതിട്ടയില്‍ 23-കാരനായ യുവാവിന്റെ പേരിലെടുത്ത കേസാണ് റദ്ദാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പെണ്‍കുട്ടിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാനാവാശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ കേസ് റദ്ദാക്കിയത്. മുന്‍കാല ഹൈക്കോടതി - സുപ്രീം കോടതി വിധികളും ഇതിനാധാരമായി സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂണിലാണ് യുവാവിനെതിരെ പത്തനംതിട്ട പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിനെ അനുകൂലിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മുന്‍പും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലൈംഗികാതിക്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയും അതിജീവിതയും വിവാഹിതരായതിന് പിന്നാലെ പ്രതിയുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ് അന്ന് കോടതി വിധി പുറപ്പെടുപ്പിച്ചത്.
കേസിലെ അപ്പീല്‍ നിലനില്‍ക്കെ പ്രായപൂര്‍ത്തിയായ പ്രതിയും ഇരയും 2021 മെയ് മാസത്തില്‍ വിവാഹിതരാവുകയും നിലവില്‍ ഒരു വയസുള്ള കുഞ്ഞിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ആ കേസ് റദ്ദാക്കിയത്.
---------------
Hindusthan Samachar / Sreejith S