ഗർഭധാരണം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്‌ത്രീയുടെ തീരുമാനമെന്ന് സുപ്രീംകോടതി.
Newdelhi, 06 ഫെബ്രുവരി (H.S.) ഗർഭധാരണം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്‌ത്രീയുടെ തീരുമാനമെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീ
ILLEGITIMATE TERMINATION ABORTION


Newdelhi, 06 ഫെബ്രുവരി (H.S.)

ഗർഭധാരണം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്‌ത്രീയുടെ തീരുമാനമെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് അനുമതി നൽകിയത്. വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുത്തു കൊണ്ടായിരുന്നു വിധി.

പ്രായപൂര്‍ത്തിയാകാത്ത ഒരു സ്‌ത്രീയെപോലും പ്രസവിക്കാന്‍ അനുവദിക്കരുതെന്നും വിധിയില്‍ വ്യക്തമാക്കി. ഈ നിയമ പ്രകാരം പ്രായപൂർത്തിയാകാത്തപ്പോൾ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ 30 ആഴ്‌ച ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ അനുമതി ലഭിച്ചു. ബന്ധം പരസ്‌പര സമ്മതത്തോടെയുള്ളതാണോ അതോ ലൈംഗികാതിക്രമത്തിൻ്റെ ഫലമാണോ എന്നതല്ല പ്രശ്‌നമെന്നും ബെഞ്ച് വ്യക്തമാക്കി.

കേസിൻ്റെ വെല്ലുവിളികൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിപ്പിക്കാനുള്ള ഹര്‍ജിയായിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി മാനസികവും ശാരീരികവുമായ ആഘാതവും സാമൂഹികമായ അപമാനവും അനുഭവിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ തുടരുന്ന പെണ്‍കുട്ടിക്ക് ഈ അപമാനം കാരണം വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേർത്തു. പെൺകുട്ടി വളരെ ദുർബലമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെന്നും ബെഞ്ചിനെ അറിയിച്ചു.

അത്യന്തികമായി അമ്മ കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ല. അമ്മയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകണം. ഗർഭം പൂർത്തിയാക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു.

ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്, പക്ഷേ എന്തുചെയ്യണം? പ്രസവിക്കാൻ നമ്മൾ അവളെ നിർബന്ധിക്കണോ? എന്ന് കേടതി ചോദിച്ചു. നിയമപരമായി അനുവദനീയമായ 24 ആഴ്‌ചയിൽ അവൾക്ക് കഴിയുമെങ്കിൽ 30 ആഴ്‌ചയിൽ ഗർഭഛിദ്രം നടത്താൻ കഴിയില്ലേ എന്ന് അഭിഭാഷകന്‍ ചോദിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഗർഭം തുടരാനുള്ള അവകാശമുണ്ടോ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യലൂന്നിയ വിധി

വൈദ്യപരമായ സങ്കീർണതകളോ പ്രസവത്തിൽ ബുദ്ധിമുട്ടുകളോ ഇല്ലെങ്കിലും കുഞ്ഞിനെ പ്രസവിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അമ്മയുടെ മാനസികാവസ്ഥയാണ് പ്രധാന്യമെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ പോലും നിങ്ങൾ കുട്ടിയെ പ്രസവിക്കണം' എന്ന് കോടതി പറഞ്ഞാല്‍, പിന്നെ അവർ എവിടേക്ക് പോകും? വ്യാജ ഡോക്‌ടർമാരുടെ അടുത്തേക്കോയെന്ന് ജസ്റ്റിസ് നാഗരത്ന ചോദ്യമുയര്‍ത്തി. സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങളുടെ അപകടങ്ങൾ ഉയര്‍ത്തിക്കാട്ടിയായിരുന്നു മറുപടി. ഇത് ദമ്പതികൾ രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടിയെ ആഗ്രഹിക്കുന്ന കേസല്ലെന്നും അവര്‍ വിധിയില്‍ ചൂണ്ടിക്കാണിച്ചു.

വിധി: ഗർഭഛിദ്രം അനുവദിക്കുക

എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടാണ് പെണ്‍കുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നല്‍കിയതെന്ന് കോടതി അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് (അഭിഭാഷകൻ) സമർപ്പിച്ച വാദങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു. ഹര്‍ജിയില്‍ കുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ഞങ്ങൾ നിർദ്ദേശിക്കുന്നു വിധി പ്രസ്‌താവനയില്‍ പറഞ്ഞു.

എല്ലാ മെഡിക്കൽ സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് ഗർഭഛിദ്രത്തിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കാൻ മുംബൈയിലെ ജെ ജെ ആശുപത്രിയോട് ബെഞ്ച് നിർദ്ദേശിച്ചു. ഗർഭഛിദ്രത്തിനുള്ള സമ്മതം നല്‍കുന്ന രേഖ കോടതിയില്‍ നൽകണമെന്ന് ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News