തിരുവനന്തപുരത്തെ വാഹനാപകടം: മണിയൻപിള്ള രാജു അറസ്റ്റില്‍; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍
Thiruvananthapuram, 06 ഫെബ്രുവരി (H.S.) നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അദ്ദേഹം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപ
Maniyanpillai Raju


Thiruvananthapuram, 06 ഫെബ്രുവരി (H.S.)

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അദ്ദേഹം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ (2026 ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച) രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

വെള്ളയമ്പലം വഴുതക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റും ട്രിവാൻഡ്രം ക്ലബിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്ലബിൻ്റെ കവാടത്തിന് മുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അശ്രദ്ധമായും അമിതവേഗതയിലും വന്ന കെഎൽ 01 സിജെ 0004 എന്ന നമ്പറിലുള്ള കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയും വാഹനങ്ങളുടെ ഭാഗങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.

വഞ്ചിയൂർ വിഷ്ണു ഭവനിൽ സൂരജ് (20), സുഹൃത്ത് ശ്രീവരാഹം സ്വദേശി നിദേവ് (നിവേദിത് കൃഷ്ണ 20) എന്നിവർ സഞ്ചരിച്ചിരുന്ന കെഎൽ 01 സിവൈ 0046 നമ്പർ എൻഫീൽഡ് ബൈക്കിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ബൈക്കിൻ്റെ പിന്നിലിരുന്ന സൂരജിൻ്റെ നട്ടെല്ലിനും ഇടത് കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന നിദേവിൻ്റെ കഴുത്തിനും കാലിനും ഒടിവുണ്ട്. ഇരുവരും നിലവിൽ എസ്പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടം നടന്നിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ അപകടത്തിൻ്റെ വ്യാപ്തി പരിശോധിക്കാനോ തയാറാകാതെ മണിയൻപിള്ള രാജു വാഹനം എടുത്ത് പോവുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്തനായ വ്യക്തി കാണിച്ച ഈ നിരുത്തരവാദിത്തപരമായ സമീപനം വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

കേസും അന്വേഷണവും

അപകടവിവരം അറിഞ്ഞ് രാത്രി 10 മണിയോടെ തന്നെ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അപകടത്തിന് ശേഷം നടൻ ഒളിവിൽ പോയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്നലെ രാത്രി തന്നെ രണ്ട് തവണ പൊലീസ് മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് ഇന്ന് രാവിലെയാണ് വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് നടൻ പൊലീസിനെ അറിയിച്ചത്. അഭിഭാഷകൻ്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്.

ആശുപത്രിയിലെത്തി സൂരജിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മ്യൂസിയം പൊലീസ് 0157/2026 നമ്പറായി എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആറിൽ മണിയൻപിള്ള രാജുവിൻ്റെ യഥാർഥ പേരായ സുധീർകുമാർ രാജുവിൻ്റെ പേരില്ലെന്നും പകരം കണ്ടാലറിയാവുന്നയാൾ (അൺനോൻ) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിവരമുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 281 (അശ്രദ്ധമായി വാഹനം ഓടിക്കൽ), 125 എ (മനുഷ്യജീവന് ആപത്തുണ്ടാക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് 134 എ, 134 ബി (അപകടശേഷം വാഹനം നിർത്താതെ പോകൽ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. മ്യൂസിയം എസ്ഐ അജയകുമാർ എൻ ആണ് കേസ് അന്വേഷിക്കുന്നത്.

നടൻ്റെ വിശദീകരണംഅപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്ന ആരോപണത്തിൽ വിശദീകരണവുമായി മണിയൻപിള്ള രാജു രംഗത്തെത്തി. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. താൻ വാഹനം പതുക്കെ റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിൽ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അപകടം നടന്നയുടനെ വാഹനം നിർത്താതെ പോയത് താൻ പരിഭ്രാന്തനായതുകൊണ്ടാണെന്നും (പാനിക്) അദ്ദേഹം വ്യക്തമാക്കി.

താൻ ഒരു കാൻസർ രോഗിയാണെന്നും നിലവിൽ ചിക്കൻഗുനിയ ബാധിച്ച് അവശതയിലാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. അസുഖമായതിനാൽ വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായിരുന്നുവെന്നും വീട്ടിൽ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാലുമാണ് അവിടെ നിൽക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം നിർത്താതെ പോയത് തൻ്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായിരിക്കാമെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ അപകടം നടന്നയുടൻ തന്നെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും പെട്ടെന്ന് ആംബുലൻസ് എത്തിക്കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൂടാതെ സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചിക്കൻഗുനിയ ഉള്ളതിനാൽ താൻ കാരണം മറ്റുള്ളവർക്ക് രോഗം പകരില്ലെന്നും കൊതുക് കടിച്ചാലേ പകരുകയുള്ളൂ എന്നും അദ്ദേഹം സംസാരമധ്യേ പറയുകയുണ്ടായി.

അവ്യക്തതകളും നടപടികളും

ട്രിവാൻഡ്രം ക്ലബിന് സമീപം നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, വോൾവോ കാറിലേക്ക് ബൈക്ക് വന്ന് ഇടിച്ചതാണെങ്കിൽ പോലും മീറ്ററുകളോളം ബൈക്കിനെ മുന്നോട്ട് കൊണ്ടുപോയി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കാറിലേക്ക് ബൈക്ക് വന്ന് ഇടിച്ചതാണെങ്കിലും തിരിച്ചാണെങ്കിലും വലിയ ആഘാതമാണ് ഉണ്ടായത്. വോൾവോ പോലെ ബിൽഡ് ക്വാളിറ്റിക്ക് പേരുകേട്ട ഒരു വാഹനത്തിൻ്റെ ബംപർ ഇളകി താഴെ വീഴണമെന്നുണ്ടെങ്കിൽ അത്രമാത്രം ആഘാതമായ ഇടി നടന്നിട്ടുണ്ടാകണം. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പാണ്.

അപകടം നടന്നിട്ട് 10 മണിക്കൂറിലധികമായതിനാൽ വൈദ്യപരിശോധനയിൽ മദ്യത്തിൻ്റെ സാന്നിധ്യം തെളിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ കഴിഞ്ഞ രണ്ടു വർഷമായി മദ്യപിച്ചിട്ടില്ലെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. സംഭവത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. യുവാക്കളുടെ ഭാഗത്തുനിന്നും പറയുന്നത് മണിയൻപിള്ള രാജുവിൻ്റെ വാഹനമാണ് തങ്ങളിലേക്ക് വന്നിടിച്ചത് എന്നാണ്. എന്നാൽ താൻ സഞ്ചരിച്ച വാഹനത്തിലേക്ക് യുവാക്കളുടെ ബൈക്ക് വന്ന് ഇടിക്കുകയാണ് ഉണ്ടായതെന്നാണ് രാജു പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നാൽ മാത്രമേ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നോ അതോ കാർ വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

അപകടം വരുത്തിയ മണിയൻപിള്ള രാജുവിൻ്റെ വോൾവോ വാഹനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. രാജു സ്റ്റേഷനിലേക്ക് എത്തുന്ന സമയത്ത് വാഹനം എവിടെ എന്ന് ചോദിച്ചപ്പോൾ അത് ഹാജരാക്കും എന്ന് മാത്രമാണ് പറഞ്ഞത്. വാഹനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയോ അതോ ഒളിപ്പിച്ചിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. അപകടം ഉണ്ടാക്കിയ വാഹനം കണ്ടെടുക്കാനും അത് കസ്റ്റഡിയിൽ എടുക്കാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരൻ ഇതേപോലെ അപകടം ഉണ്ടാക്കി കടന്നുകളഞ്ഞാൽ രാത്രി മുഴുവൻ വീട്ടിൽ പോയി ഉറങ്ങിയിട്ട് വരാൻ സാധിക്കുമോ എന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. മണിയൻപിള്ള രാജുവിൻ്റെ മൊഴിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ യുവാക്കളുടെ മൊഴിയും തമ്മിൽ പൊലീസ് പരിശോധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News