Enter your Email Address to subscribe to our newsletters

New delhi, 06 ഫെബ്രുവരി (H.S.)
പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയുടെ ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി കോടതിയെ ഉപയോഗിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയിലേക്ക് പുതുതായി ഗുണഭോക്താക്കളെ ചേര്‍ക്കുകയും 25 മുതല്‍ 35 വരെ ലക്ഷത്തോളം സ്ത്രീവോട്ടര്‍മാര്‍ക്ക് 10,000 രൂപ നല്‍കുകയും ചെയ്തതിലൂടെ ബിഹാര്‍ ഭരണകൂടം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്തത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റേയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ഭരണഘടന നല്‍കുന്ന ഉറപ്പിന്റേയും ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യനിയമത്തിലെ 123 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നും ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ജീവിക പദ്ധതിക്ക് കീഴില്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും പോളിങ് ബൂത്തുകളില്‍ വിന്യസിച്ചതിനേയും ഹര്‍ജി ചോദ്യം ചെയ്തു. ഇതെല്ലാം പരിഗണിച്ച് 2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജന്‍ സുരാജ് പാര്‍ട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് എത്ര വോട്ട് കിട്ടിയെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്ക് പട്‌ന ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. തുടര്‍ന്ന് ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ 2024-ല്‍ തുടങ്ങിയ പാര്‍ട്ടിയാണ് ജന്‍ സുരാജ് പാര്‍ട്ടി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളില്‍ 238-ലും പാര്‍ട്ടി മത്സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും നയിക്കുന്ന എന്‍ഡിഎ സഖ്യം 202 സീറ്റ് നേടി ബിഹാര്‍ തിരഞ്ഞെടുപ്പ് തൂത്തുവാരുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S