അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ആറാം കിരീടം; ഫൈനലില്‍ 100 റണ്‍സ് വിജയം
Harare, 06 ഫെബ്രുവരി (H.S.) അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ യുവതാരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇംഗ്ലണ്ട് എല്ലാ അര്‍ത്ഥത്തിലും പതറി. 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയ ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകക
cricket


Harare, 06 ഫെബ്രുവരി (H.S.)

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ യുവതാരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇംഗ്ലണ്ട് എല്ലാ അര്‍ത്ഥത്തിലും പതറി. 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയ ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തില്‍ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സെടുത്ത് ഓള്‍ഔട്ടായി.

സെഞ്ചറി നേടിയ കാലെബ് ഫാല്‍കോനറാണു മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 67 പന്തുകള്‍ നേരിട്ട താരം 115 റണ്‍സടിച്ചു പറത്തായി. ബെന്‍ ഡോകിന്‍സ് (56 പന്തില്‍ 66), ബെന്‍ മേയസ് (28 പന്തില്‍ 45), തോമസ് റ്യു (18 പന്തില്‍ 31), ജെയിംസ് മിന്റോ (41 പന്തില്‍ 28) എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിന് ഒരു ഘട്ടത്തിലും ഭീഷണിയായില്ല. 142ന് മൂന്ന് എന്ന നിലയില്‍നിന്ന് 177റണ്‍സിലെത്തുമ്പോള്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

പിന്നീട് പരമാവധി പ്രതിരോധിച്ച് കൂട്ടത്തകര്‍ച്ചയൊഴിവാക്കാനായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ പരിശ്രമം. സെഞ്ചറി നേടിയ കാലെബ് ഫാല്‍കോനറിനൊപ്പം വാലറ്റത്ത് ജെയിംസ് മിന്റോയും പിടിച്ചുനിന്നതോടെ 25.1 ഓവറുകളില്‍ ഇംഗ്ലണ്ട് 200 പിന്നിട്ടു. ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണു കെട്ടിപ്പടുത്തത്. 36-ാം ഓവറില്‍ ജെയിംസ് മിന്റോയെ ആര്‍. എസ്. അംബരിഷ് പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് ഇനാന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും നഷ്ടമായി. 63 പന്തുകളില്‍ ഫാല്‍കോനര്‍ 100 പിന്നിട്ടു. എന്നാല്‍ 41-ാം ഓവറിലെ രണ്ടാം പന്തില്‍ ഫാല്‍കോനറിനെ കനിഷ്‌ക് ചൗഹാന്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 311 ന് ഓള്‍ഔട്ട്. ഇന്ത്യയ്ക്കായി ആര്‍.എസ്. അംബരിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ഖിലന്‍ പട്ടേലിനും ആയുഷ് മാത്രെയ്ക്കും ഓരോ വിക്കറ്റുകളുണ്ട്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്തു. ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ചറിയാണ് ഇന്ത്യയുടെ വമ്പന്‍ സ്‌കോറിന്റെ നട്ടെല്ല്. 80 പന്തുകള്‍ നേരിട്ട താരം 175 റണ്‍സടിച്ചാണു മടങ്ങിയത്. 15 സിക്‌സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26-ാം ഓവറില്‍ മനി ലുംസ്‌ഡെനിന്റെ പന്തിലാണു പുറത്താകുന്നത്.

55 പന്തുകളിലാണ് 14 വയസ്സുകാരന്‍ താരം അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളില്‍ അര്‍ധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളില്‍ 100 പിന്നിടുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (51 പന്തില്‍ 53) റണ്‍സടിച്ചു മടങ്ങി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണു ലഭിച്ചത്. 11 പന്തില്‍ ഒന്‍പതു റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് തുടക്കത്തില്‍തന്നെ പുറത്തായി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മേയസ് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ആരോണിനെ മടക്കിയത്. ആയുഷ് മാത്രെയെ കൂട്ടുപിടിച്ചാണ് വൈഭവ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോയത്.

ഇരുവരും ചേര്‍ന്ന് 90 പന്തുകളില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 162ല്‍ നില്‍ക്കെ അലക്‌സ് ഗ്രീനിന്റെ പന്തില്‍ ആയുഷും മടങ്ങി. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും വൈഭവും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ 21.4 ഓവറില്‍ ഇന്ത്യ 200 കടന്നു. 25-ാം ഓവറില്‍ താരം പുറത്തായതോടെ റണ്ണൊഴുക്കിനും വേഗം കുറഞ്ഞു.

മധ്യനിരയില്‍ അഭിഗ്യാന്‍ കുണ്ടു (31 പന്തില്‍ 40), വേദാന്ത് ത്രിവേദി (36 പന്തില്‍ 32), വിഹാന്‍ മല്‍ഹോത്ര (36 പന്തില്‍ 30), കനിഷ്‌ക് ചൗഹാന്‍ (20 പന്തില്‍ 37) എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ 400 പിന്നിട്ടു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും സെബാസ്റ്റ്യന്‍ മോര്‍ഗന്‍, അലെക്‌സ് ഗ്രീന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

---------------

Hindusthan Samachar / Sreejith S


Latest News