വിദര്‍ഭയ്ക്കായി 70,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച്‌ അദാനി ഗ്രൂപ്പ്
Mumbai, 08 ഫെബ്രുവരി (H.S.) വിദർഭ മേഖലയുടെ സമഗ്ര വികസനത്തിനായി 70,000 കോടി രൂപയുടെ ദീർഘകാല നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച്‌ അദാനി ഗ്രൂപ്പ്. ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ്, വ്യോമയാനം, സാമൂഹിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്
Adani Groups


Mumbai, 08 ഫെബ്രുവരി (H.S.)

വിദർഭ മേഖലയുടെ സമഗ്ര വികസനത്തിനായി 70,000 കോടി രൂപയുടെ ദീർഘകാല നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച്‌ അദാനി ഗ്രൂപ്പ്.

ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ്, വ്യോമയാനം, സാമൂഹിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതിയിലൂടെ മേഖലയെ ശുദ്ധമായ ഊർജ്ജം, വ്യാവസായിക ഉല്‍പ്പാദനം, സംയോജിത ലോജിസ്റ്റിക്സ് എന്നിവയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

നാഗ്പൂരില്‍ നടന്ന അഡ്വാൻറ്റേജ് വിദർഭ 2026 കോണ്‍ക്ലേവില്‍ അദാനി എയർപോർട്ട്സ് ഡയറക്ടർ ജീത് അദാനി പദ്ധതി വിശദീകരിച്ചു. വിദർഭയുമായുള്ള ഗ്രൂപ്പിന്റെ ബന്ധം തലമുറകളോളം നിലനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, നയപരമായ സ്ഥിരത, സ്വകാര്യ നിക്ഷേപം എന്നിവയുടെ പിന്തുണയോടെ വിദർഭ മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വളർച്ചയ്ക്ക് നിർണായകമാവുകയാണെന്നും ജീത് അദാനി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ 3,300 മെഗാവാട്ട് സൂപ്പർക്രിട്ടിക്കല്‍ താപവൈദ്യുത നിലയം അദാനി ഗ്രൂപ്പിൻ്റേതാണ്. 2025-ല്‍ 600 മെഗാവാട്ടിന്റെ ബുട്ടിബോറി വൈദ്യുതി നിലയം ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.ഖാവ്ഡയിലെ സൗരോർജ്ജവും താപവൈദ്യുതിയും സംയോജിപ്പിച്ച്‌ നിലവില്‍ 6,600 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പ് സംസ്ഥാനത്തിന് നല്‍കുന്നത്. ഇത് ഗ്രിഡ് സ്ഥിരതയും വിശ്വസനീയമായ ബേസ് ലോഡ് വൈദ്യുതിയും ഉറപ്പാക്കും.

ലിംഗ-കാല്‍മേശ്വർ എന്നിവിടങ്ങളില്‍ 70,000 കോടിയുടെ സംയോജിത കല്‍ക്കരി വാതകവല്‍ക്കരണ ഡെറിവേറ്റീവ് കോംപ്ലക്സ് നിർദേശിച്ചിട്ടുണ്ട്. ഇത് 30,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അത്യാധുനിക രാസവസ്തു നിർമ്മാണ ശേഷിയുണ്ടാക്കുകയും ഇറക്കുമതി ചെയ്യുന്ന വ്യാവസായിക അസംസ്കൃത വസ്തുക്കളിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും.

ഈ പദ്ധതി നാഗ്പൂരിനെ ശുദ്ധമായ ഊർജ്ജവുമായി ബന്ധപ്പെട്ട വ്യാവസായിക സാങ്കേതിക വിദ്യകള്‍ക്ക് ലോക ഭൂപടത്തില്‍ ഒരു സ്ഥാനം ഉറപ്പാക്കിക്കൊടുക്കുമെന്ന് അദാനി അഭിപ്രായപ്പെട്ടു.

ലോജിസ്റ്റിക്സ് രംഗത്ത് ബോർഖേഡിയില്‍ 75 ഏക്കറില്‍ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയും മഹാരാഷ്ട്രയിലുടനീളമുള്ള 24 അതിർത്തി ചെക്ക് പോസ്റ്റുകളും ഏറ്റെടുത്ത് ഗ്രൂപ്പ് വിദർഭയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും. ഈ നീക്കങ്ങള്‍ പ്രാദേശിക വ്യവസായങ്ങളുടെ ചരക്ക് കൂലി കുറയ്ക്കാനും കയറ്റുമതി ,മത്സരശേഷി എന്നിവ വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഗോണ്ട്കൈരിയിലെ ഭൂഗർഭ കല്‍ക്കരി ഖനി ഉത്തരവാദിത്തമുള്ള ഖനനത്തിന് മാതൃകയാണെന്ന് അദാനി വ്യക്തമാക്കി. കുറഞ്ഞ ഭൂവിനിയോഗം, സ്ഥാനമാറ്റമില്ലായ്മ, സ്ഫോടനമില്ലാത്ത പ്രവർത്തനം, മഴവെള്ള സംഭരണം, മാലിന്യം പുറന്തള്ളാതിരിക്കുക എന്നിവയാണ് അതിന്റെ സവിശേഷതകള്‍.

ഇൻഡാമെർ ടെക്നിക്സ് ഏറ്റെടുത്തതിലൂടെ മിഹാനിലുള്ള 30 ഏക്കറിലുള്ള MRO (മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോള്‍) സൗകര്യം വികസിപ്പിക്കുന്നത് വ്യോമയാന മേഖലയ്ക്ക് ഉത്തേജനം നല്‍കും. 15 വിമാന ബേകളും FAA, DGCA അംഗീകാരങ്ങളുമുള്ള ഈ കേന്ദ്രം നാഗ്പൂരിനെ എയർ വർക്ക്സ് ആഗോള ശൃംഖലയുമായി സംയോജിപ്പിച്ച്‌ ഒരു അന്താരാഷ്ട്ര എംആർഒ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ, അദാനി ഫൗണ്ടേഷൻ ഗോണ്ടിയ, നാഗ്പൂർ ജില്ലകളില്‍ പ്രാഥമിക ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വനിതാ സ്വയംസഹായ സംഘങ്ങള്‍, പോഷകാഹാര പരിപാടികള്‍, സൗരോർജ്ജ വിളക്കുകള്‍, ശുദ്ധജലം, കായിക പ്രോത്സാഹനം, സ്കൂള്‍ വികസനം തുടങ്ങിയ സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കുന്നു.

സുസ്ഥിര വികസനത്തില്‍ ശ്രദ്ധചെലുത്തി, തിറോഡ താപവൈദ്യുത നിലയം ജലം പുറത്തുവിടാത്ത പ്രവർത്തനരീതികളാണ് പിന്തുടരുന്നത്. 2030-ഓടെ 10 കോടി മരങ്ങള്‍ നടാനും അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. അദാനി എനർജി സൊല്യൂഷൻസ് 2027-ഓടെ 60% ഊർജ്ജ സ്രോതസ്സുകളും പുനരുപയോഗ ഊർജ്ജത്തില്‍ നിന്ന് കണ്ടെത്താൻ ലക്ഷ്യമിടുന്നുണ്ട്.

വിദർഭയുടെ പുനരുത്ഥാനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കിയതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അദാനി ശ്ലാഘിച്ചു. മേഖല ഇപ്പോള്‍ വെറും ഒരു സാധ്യത എന്നതിലുപരി വ്യക്തമായ പുരോഗതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിദർഭ പദ്ധതി അദാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയോടുള്ള വലിയ പ്രതിബദ്ധതയുടെ ഭാഗമാണ്. കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍, ഡയറക്ടർ പ്രണവ് അദാനി, സംസ്ഥാന സർക്കാരുമായി 66 ബില്യണ്‍ ഡോളറിന്റെ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിരുന്നു. പുനരുപയോഗ ഊർജ്ജം, വൈദ്യുതി പ്രേഷണം, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്ററുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയായിരുന്നു ഈ കരാറുകളിലെ പ്രധാന മേഖലകള്‍.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News