ബെംഗളൂരുവിലേക്ക് വന്ദേഭാരത്; കാത്തിരിപ്പ് അവസാനിക്കുന്നു, പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി
Kochi, 08 ഫെബ്രുവരി (H.S.) ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് പ്രഖ്യാപിച്ച്‌ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സർവ്വീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ ബെംഗളൂരുവിനും മുംബൈക്കും
Vande Bharat train


Kochi, 08 ഫെബ്രുവരി (H.S.)

ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് പ്രഖ്യാപിച്ച്‌ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.

സർവ്വീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ ബെംഗളൂരുവിനും മുംബൈക്കും ഇടയില്‍ ഒരു പ്രീമിയം ട്രെയിനും ഉടൻ ഓടിത്തുടങ്ങുമെന്നും പുണെ-ബെംഗളൂരു റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'ഹാസൻ, മംഗളൂരു എന്നിവിടങ്ങളിലെ വൈദ്യുതീകരണം പൂർത്തിയായിക്കഴിഞ്ഞു. ഒരു ഭാഗം വൈദ്യുതീകരിച്ച്‌ കഴിഞ്ഞാല്‍ നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആ പരിശോധനകള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികളിലേക്ക് കടക്കും. അതിന് ശേഷം സമയപ്പട്ടിക തയ്യാറാക്കുകയും കർണാടകയുടെ കാർവാർ വരെയുള്ള തീരദേശ മേഖലയെ പൂർണ്ണമായി ഈ സേവനത്തിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്യും. സംസ്ഥാന ബജറ്റില്‍ നിന്നുള്ള വിവരങ്ങളും ഞങ്ങള്‍ പരിഗണിക്കും', അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിലവില്‍ കർണാടകയില്‍ 12 വന്ദേഭാരത് ട്രെയിനുകള്‍ സർവീസ് നടത്തുന്നുണ്ടെന്നും ഭാവിയില്‍ സംസ്ഥാനം മുഴുവൻ ഈ സേവനം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'തീരദേശ മേഖലയിലേക്ക് രണ്ട് ട്രെയിനുകള്‍ ഉണ്ടാകും, കാരണം അതൊരു നീണ്ട പാതയാണ് - ഒന്ന് തീരദേശത്ത് നിന്ന് ബെംഗളൂരുവിലേക്കും മറ്റൊന്ന് ബെംഗളൂരുവില്‍ നിന്ന് തീരദേശത്തേക്കുമായിരിക്കും',അദ്ദേഹം പറഞ്ഞു.

ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതിയുടെ 2-ഉം 4-ഉം ഇടനാഴികള്‍ മികച്ച പുരോഗതി കൈവരിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. നാല് ഇടനാഴികളിലുമുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലായി. രൂപകല്‍പ്പനകള്‍ പൂർത്തിയാക്കി. കൂടാതെ ടെൻഡർ രേഖകള്‍ തയ്യാറാക്കുകയും സങ്കീർണ്ണമായ സബർബൻ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ആവശ്യമായ അനുമതികള്‍ നേടുകയും ചെയ്തു', അശ്വിനി വൈഷ്ണവ് പറഞ്ഞു. പാതയുടെ പകുതിയിലധികം ഭാഗവും ഉയർത്തിയ നിലയിലാണ്, അതിനാല്‍ ശ്രദ്ധാപൂർവമായ രൂപകല്‍പ്പന ആവശ്യമാണ്, പ്രത്യേകിച്ചും ഇത് നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമീപത്ത് കൂടിയായതിനാല്‍', മന്ത്രി കൂട്ടിച്ചേർത്തു.

ബുള്ളറ്റ് ട്രെയിൻ പദ്ധതികളിലെ പുതിയ സാങ്കേതിക വിദ്യകള്‍ സബർബൻ റെയില്‍ സംവിധാനത്തിന്റെ നിർമ്മാണത്തിലും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'ബെംഗളൂരു-ചെന്നൈ അതിവേഗ ഇടനാഴി യാഥാർത്ഥ്യമാകുമ്പോള്‍ ഈ രണ്ട് നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം 73 മിനിറ്റായി കുറയും. ദിവസത്തിലെ ഏത് സമയത്തും ഒരാള്‍ക്ക് യാത്രയാരംഭിച്ച്‌ തങ്ങളുടെ ബിസിനസ്സ് ജോലികള്‍ പൂർത്തിയാക്കാനും ബന്ധുക്കളെ കാണാനും ചെന്നൈയിലേക്ക് പോകാനും അതേദിവസം തന്നെ ബെംഗളൂരുവിലേക്ക് മടങ്ങാനും സാധിക്കും. സമാനമായി ഹൈദരാബാദിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. ഇത് ദക്ഷിണേന്ത്യയിലെ അതിവേഗ ഡയമണ്ട് ഇടനാഴിയുടെ ഭാഗമാകും', അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

അതീവ സങ്കീർണ്ണമായ പദ്ധതിയാതിനാലാണ് ആദ്യഘട്ടത്തില്‍ മുംബൈ-അഹമ്മദാബാദ് പദ്ധതി ഏറ്റെടുത്തത്. മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയില്‍ പ്രവർത്തിക്കുന്ന ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ആദ്യപദ്ധതിയിലൂടെ ബുള്ളറ്റ് ട്രെയിൻ രൂപകല്‍പ്പനയെക്കുറിച്ച്‌ വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ അനുഭവം ഇപ്പോള്‍ ഞങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ പ്രാപ്തരാക്കിയിരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിൻ ഇടനാഴികളുടെ ആകെ നീളം 7,000 കിലോമീറ്ററില്‍ എത്താനാണ് ലക്ഷ്യമിടുന്നത്. മുംബൈ-അഹമ്മദാബാദ് ലൈൻ ഉള്‍പ്പെടെ ഏകദേശം 4,000 കിലോമീറ്റർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News