സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് 8,505 ഗ്രൂപ്പ് ബി ഓഫിസർമാർ തയ്യാറാണെന്ന് ബംഗാൾ സർക്കാർ
West Bengal, 08 ഫെബ്രുവരി (H.S.) സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് 8,505 ഗ്രൂപ്പ് ബി ഓഫിസർമാർ തയ്യാറാണെന്ന് ബംഗാൾ സർക്കാർ. ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമ ബംഗാൾ സർക
West Bengal CM Mamata Banerjee


West Bengal, 08 ഫെബ്രുവരി (H.S.)

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന് 8,505 ഗ്രൂപ്പ് ബി ഓഫിസർമാർ തയ്യാറാണെന്ന് ബംഗാൾ സർക്കാർ. ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പശ്ചിമ ബംഗാൾ സർക്കാർ എസ്‌ഐആർ പ്രക്രിയയുമായി സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അംഗൻവാടി ജീവനക്കാരെപോലുള്ള താഴ്‌ന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരെ മാത്രമേ പശ്ചിമ ബംഗാൾ സർക്കാർ ഇതിനായി നിയോഗിച്ചിട്ടുള്ളു എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത്.

ഫെബ്രുവരി 4 നാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതിയിൽ മമത നേരിട്ടെത്തിയത്. ബംഗാളിനെ മാത്രം തെരഞ്ഞെടുപ്പ് കമ്മിഷൻ ടാർഗെറ്റ് ചെയ്യുന്നത് എന്തിനാണെന്നും മമത കോടതിയിൽ ചോദിച്ചു.

മമതയുടെ വാദം കേട്ട കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കുകയും ഫെബ്രുവരി 10 നകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. അതേസമയം മമത നാളെ സുപ്രീം കോടതിയിൽ എത്തിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു എന്നാണ് മമതയുടെ പരാതി. വോട്ടർ പട്ടിക പുതുക്കുന്നതിൻ്റെ ഒന്നാം ഘട്ടത്തിൽ 58 ലക്ഷം പേരെയും രണ്ടാം ഘട്ടത്തിൽ 1.30 കോടി പേരെയും ഒഴിവാക്കി. ഇവർക്ക് അപ്പീൽ നൽകാൻ പോലും അവസരം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ബംഗാളിൽ മാത്രം എന്തിനാണ് മൈക്രോ ഒബ്‌സർവർമാരെ നിയമിച്ചതെന്ന് അവർ ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇതെന്നും അവർ ആരോപിച്ചു. ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരായി കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം പേരോ അക്ഷരമോ തെറ്റിയതിൻ്റെ പേരിൽ ഒരാളെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുത്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ കമ്മിഷൻ തയ്യാറാകുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

എന്നാൽ ക്ലാസ് 3 ഓഫിസർമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടെയുള്ള താഴ്ന്ന നിലയിലുള്ള ജീവനക്കാരെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ടെന്നും രേഖകൾ പരിശോധിക്കാൻ അവർക്ക് അധികാരമില്ലെന്നും അതിനാലാണ് മൈക്രോ ഒബ്‌സർവർമാരെ നിയമിക്കേണ്ടി വരുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.

അതേസമയം അർഹരായ ഒരാളും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകരുത് എന്ന് ചീഫ് ജസ്‌റ്റിസ് നിരീക്ഷിച്ചു. പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും നിരപരാധികൾക്ക് വോട്ടവകാശം നഷ്‌ടപ്പെടരുത് എന്നും കോടതി പറഞ്ഞു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി, എൻ വി അഞ്‌ജരിയ എന്നിവരടങ്ങുന്ന ബെഞ്ച് മമത ബാനർജി സമർപ്പിച്ച ഹർജി ഉൾപ്പെടെ എസ്‌ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച വാദം കേൾക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News