Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 ഫെബ്രുവരി (H.S.)
ശബരിമലയിലെ ജോലികള്‍ക്കായി നിയോഗിച്ച ദിവസവേതനക്കാര്‍ വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് സംശയം. കഴിഞ്ഞ തീര്‍ഥാടന കാലത്തു ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം പരിശോധന ആരംഭിച്ചു. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാര്‍ ദിവസവും പണം അയച്ചിരുന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ദിവസവേതനക്കാര്‍ക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. അതിനു മുന്‍പു ദിവസവും ബാങ്ക് ഇടപാടുകള്‍ നടത്തിയതു സംശയം ജനിപ്പിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കാണു ഭൂരിഭാഗം പേരും പണം അയച്ചിരിക്കുന്നത്.
ശബിരമലയില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ ഇത്തരത്തില്‍ പണം അയക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നാണ് പരിശോധന നടത്തുന്നത്. നൂറിലേറെ പേരെയാണു കാണിക്ക പരിപാലനം ഉള്‍പ്പെടെ വിവിധ ജോലികള്‍ക്കായി സന്നിധാനത്തു നിയമിച്ചിരുന്നത്. പോസ്റ്റ് ഓഫിസ് വഴി 6,000 രൂപ വരെ ചിലര്‍ പ്രതിദിനം അയച്ചെന്നാണു വിവരം. ഭസ്മം, കുങ്കുമം എന്നിവ കലര്‍ന്ന നോട്ടുകളാണു ലഭിച്ചതെന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളാണു സന്നിധാനത്തു പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളില്‍നിന്നുള്ള വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഒരുലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ബാങ്ക് ഇടപാടുകള്‍ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം. അനധികൃതമായി പണം സമ്പാദിച്ച 5 പേരെ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെന്നാണു വിവരം.
ദിവസ വേതനക്കാര്‍ നടത്തിയ തട്ടിപ്പുകളില്‍ ദേവസ്വം ജീവനക്കാര്‍ക്കും പങ്കുണ്ടോ എന്നും പ്രത്യേകം പരിശോധന നടത്തുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S