Enter your Email Address to subscribe to our newsletters

Kochi, 09 ഫെബ്രുവരി (H.S.)
രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.കളമശ്ശേരി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഉദ്ഘാടന സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ക്യാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനായി 2024 ഫെബ്രുവരിയിൽ സർക്കാർ ആരംഭിച്ച ജനകീയ കാമ്പയിന്റെ ഭാഗമായി ഇതിനോടകം 22 ലക്ഷം പേർ പരിശോധനകളിൽ പങ്കാളികളായിയിട്ടുണ്ട് .ഇതിന്റെ ഭാഗമായി 885 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്ക്രീനിംഗ് സംവിധാനം പ്രവർത്തിച്ചു വരുന്നു.
സാധാരണക്കാർക്ക് ചികിത്സാ ചെലവ് ഭാരമാകാതിരിക്കാൻ കാരുണ്യ പദ്ധതി വഴി മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് സാമ്പത്തിക സഹായം നൽകി വരുന്നുണ്ട് . കൂടാതെ, വലിയ വിലവരുന്ന മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിനായി സംസ്ഥാനത്തെ 72 കാരുണ്യ ഫാർമസികളിൽ 'സീറോ പ്രോഫിറ്റ് കൗണ്ടറുകളും' പ്രവർത്തിക്കുന്നുണ്ടെന്നും ക്യാൻസർ രോഗികൾക്ക് പുറമെ അവയവമാറ്റം കഴിഞ്ഞവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കി ആരോഗ്യ മേഖലയിൽ വലിയൊരു മാതൃകയാണ് സംസ്ഥാനം
മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മധ്യകേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ സെന്റർ ഇന്ന് അത്യാധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമായിരിക്കുകയാണ്. കിഫ്ബി ഫണ്ട് മുഖേന 450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിൽ ആരംഭിച്ച പേഷ്യന്റ് കെയർ വിഭാഗവും ഒ.പി സംവിധാനവും ഇന്ന് വിപുലമായ ചികിത്സാ സൗകര്യങ്ങളിലേക്കാണ് മാറിയിരിക്കുന്നത്.ആർദ്രം കേരളം - രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത പ്രധാന ലക്ഷ്യങ്ങളിലൊന്നായ ക്യാൻസർ പ്രതിരോധത്തിനായി ഗർഭാശയ ക്യാൻസർ തടയാനുള്ള എച്ച്.പി.വി വാക്സിനേഷൻ പദ്ധതിയും (11, 12 ക്ലാസുകളിലെ കുട്ടികൾക്കായി) സർക്കാർ നടപ്പിലാക്കുന്നുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന റോബോട്ടിക് സർജറി, കാർ-ടി സെൽ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകൾ സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കളമശ്ശേരി മെഡിക്കൽ കോളേജ് കാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കൊച്ചിൻ ക്യാൻസർ സെന്ററിന്റെ
അത്യാധുനിക മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും അത്യാധുനിക ഗവേഷണ ലാബുകളും സജ്ജമാക്കിയിട്ടുള്ള ഈ കേന്ദ്രത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S