Enter your Email Address to subscribe to our newsletters

Kochi, 09 ഫെബ്രുവരി (H.S.)
സാധാരണക്കാർക്ക് മികച്ചതും അത്യാധുനികവുമായ കാൻസർ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ പുതിയ മന്ദിര ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ചികിത്സാ സംവിധാനങ്ങളാണ് കൊച്ചിൻ കാൻസർ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ആർ.സി.സി, എം.സി.സി എന്നിവയ്ക്ക് പുറമെ, രാജീവ് ഗാന്ധി റിസർച്ച് സെന്ററിന്റെ പിന്തുണയോടെ 100 കോടി രൂപയുടെ ഗവേഷണ സൗകര്യങ്ങളും കൊച്ചിൻ കാൻസർ
റിസർച്ച് സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ബി.പി.സി.എല്ലിന്റെ പിന്തുണയോടെ 12 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സെന്ററിനായി 191 പുതിയ തസ്തികകൾ സർക്കാർ അനുവദിച്ചു. കൂടുതൽ തസ്തികകൾ അനുവദിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
ആരോഗ്യരംഗത്തെ സുപ്രധാന നേട്ടങ്ങൾക്കു പുറമെ 60 വയസ്സ് കഴിഞ്ഞവർക്ക് ലോകത്താദ്യമായി സൗജന്യ ന്യൂമോണിയ വാക്സിനേഷൻ നൽകുന്ന പദ്ധതിക്കായി ബജറ്റിൽ 50 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കിഫ്ബി വഴി നിർമ്മിച്ച കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉടൻ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു .
---------------
Hindusthan Samachar / Sreejith S